ത്തർപ്രദേശടക്കം അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്നു വൈകിട്ട് പുറത്തുവരും. യു.പിയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ഗോവയിലും മണിപ്പുരിലും ആരുഭരിക്കുമെന്നറിയാനുള്ള ആകാംഷ പൂർത്തിയാകണമെങ്കിൽ 11-ാം തീയതിവരെ കാത്തിരിക്കണമെങ്കിലും എക്‌സിറ്റ് പോളുകൾ ഈ സംസ്ഥാനങ്ങളിൽ ആരുഭരിക്കുമെന്നതിന്റെ ചൂണ്ടുപലകയാകുമെന്നുറപ്പ്. രണ്ടുമാസമെടുത്ത് പൂർത്തിയായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏകദേശ ധാരണ രൂപപ്പെടാൻ ഈ എക്‌സിറ്റ് പോളുകൾ സഹായിക്കും.

എക്‌സിറ്റ് പോൾ ഫലങ്ങൾ എല്ലായ്‌പ്പോഴും കൃത്യമാകണമെന്നില്ല. ഡൽഹിയിലെ ആം ആദ്മിയുടെ വിജയമൊന്നും ഒരു എക്‌സിറ്റ്‌പോൾ ഫലത്തിലും പ്രവചിക്കപ്പെട്ടിരുന്നില്ല. എന്നാൽ, കൃത്യമായി പ്രവചിക്കപ്പെട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ വേറെയുണ്ടുതാനും. അതുകൊണ്ടുതന്നെ, ഇതിന്റെ കൃത്യതയും അന്തിമഫലം വരുന്നതുവരെ ചാഞ്ചാടിക്കൊണ്ടിരിക്കും.

കഴിഞ്ഞവർഷം ഏപ്രിൽ-മെയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഫലം എക്‌സിറ്റ് പോൾ കൃത്യമായി പ്രവചിച്ചിരുന്നുവെന്നതും ഓർക്കണം. കേരളത്തിൽ ഇടതുമുന്നണിയും ആസാമിൽ ബിജെപിയും പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ്സും അധികാരത്തിലേറുമെന്ന് എക്‌സിറ്റ്‌പോളുകൾ പ്രവചിച്ചിരുന്നു. പുതുച്ചേരിയിലെ ഫലവും കൃത്യമായി പ്രവചിക്കപ്പെട്ടു.

എന്നാൽ, തമിഴ്‌നാട്ടിൽ ജലയളിതാ സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്നും ഡി.എം.കെ.-കോൺഗ്രസ് സഖ്യം വിജയിക്കുമെന്നും എക്‌സിറ്റ് പോൾ വിധിയെഴുതി. എന്നാൽ, ചരിത്രം കുറിച്ച് ജയലളിത അധികാരം നിലനിർത്തിയപ്പോൾ എക്‌സിറ്റ് പോളുകളുടം ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടു. 234 അംഗ നിയമസഭയിൽ 140 സീറ്റുവരെ ഡി.എം.കെ-കോൺഗ്രസ് സഖ്യം നേടുമെന്നാണ് ആക്‌സിസ്-മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിച്ചത്. എ.ഐ.എ.ഡി.എം.കെയ്ക്ക് 90 മുതൽ 110 സീറ്റ് വരെയും. എന്നാൽ, ഫലം വന്നപ്പോൾ, 136 എംഎ‍ൽഎ മാരുമായി എ.ഐ.എ.ഡി.എം.കെ. ഭരണം നിലനിർത്തുന്നതായി കാഴ്ച.

ആസാമിൽ തരുൺ ഗഗോയിയുടെ കോൺഗ്രസ് മന്ത്രിസഭയെ പുറത്താക്കി ബിജെപി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോളുകൾ പ്രവചിച്ചു. എബിപിയുടെ എക്‌സിറ്റ് പോളിൽ ബിജെപിക്ക് 81 സീറ്റും ചാണക്യ 90 സീറ്റും പ്രവചിച്ചു. 86 സീറ്റുകൾ പാർട്ടിക്ക് നേടാനായി. ബംഗാളിൽ ചാണക്യ തൃണമൂലിന് 210 സീറ്റുകളും സി-വോട്ടർ 167 സീറ്റും പ്രവചിച്ചു. 243 അംഗ നിയമസഭയിൽ 211 സീറ്റുകളുമായി മമത അധികാരത്തിലേറി.

കേരളത്തിൽ ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് എക്‌സിറ്റ് പോളുകൾ പ്രവചിച്ചു. സി-വോട്ടർ 78 സീറ്റുകളാണ് എൽ.ഡി.എഫിന് കണ്ടതെങ്കിൽ അവർ നേടിയത് 91 സീറ്റുകൾ. പുതുച്ചേരിയിൽ എക്‌സിറ്റ് പോളുകൾ പ്രവചിച്ചതുപോലെ ഡി.എം.കെ.-കോൺഗ്രസ് സഖ്യം അധികാരത്തിലേറി. 2015-ൽ ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ മഹാ സഖ്യത്തിന് എക്‌സിറ്റ് പോൾ ഫലങ്ങൾ കാര്യമായ വിജയം പ്രവചിച്ചിരുന്നില്ല. എന്നാൽ, 178 സീറ്റുകളുമായി നിതീഷ് കുമാർ അധികാരത്തിലേറി. പോൾ ഓഫ് പോൾസ് 125 സീറ്റും സി-വോട്ടർ 122 സീറ്റുമാണ് മഹാ സഖ്യത്തിന് പ്രവചിച്ചിരുന്നത്.