കുവൈത്ത് സിറ്റി: സ്വദേശി കുടുംബ വാസകേന്ദ്രങ്ങളിൽ താമസിക്കുന്ന ബാച്ച്‌ലർമാരുടെ വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് തുടരുന്നു. ഫർവാനിയ ഗവർണറേറ്റിൽ റാബിയ, ഉമരിയ, ഖൈത്താൻ, ഫിർദൗൺ, അബ്ദുല്ല അൽ മുബാറക് എന്നിവിടങ്ങളിലെ 13 വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി പ്രത്യേകസംഘം തലവൻ അദ്‌നാൻ അൽ ദഷ്തി അറിയിച്ചു.

ഗവർണറേറ്റിലെ മറ്റ് മേഖലകളിലെ പത്ത് കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിബന്ധം നേരത്തേ വിച്ഛേദിച്ചിരുന്നു. മുനിസിപ്പൽ അധികൃതരുടെ നിർദേശപ്രകാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത്. കുടുംബ വാസകേന്ദ്രങ്ങളിലെ വിദേശി ബാച്ലർമാരെ ഒഴിപ്പിക്കണമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ബാച്ലർമാർ ഒഴിഞ്ഞു പോയതിന് ശേഷം കെട്ടിടങ്ങളിലെ വൈദ്യുതി പുനഃസ്ഥാപിക്കണമെങ്കിൽ പുതിയതായി അപേക്ഷ നൽകണം. പരിശോധനക്ക് ശേഷമാകും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുക. ബന്ധം വിച്ഛേദിക്കുമ്പോൾ രേഖപ്പെടുത്തിയ മീറ്റർ റീഡിങ്ങും പുനഃസ്ഥാപിക്കേണ്ട സമയത്തെ മീറ്റർ റീഡിങ്ങും ഒത്തുനോക്കും.

രണ്ട് സമയത്തെയും റീഡിങ്ങിൽ വ്യത്യാസം കണ്ടെത്തിയാൽ വൈദ്യുതി മോഷണം നടന്നതായി കണക്കാക്കും. അഹമ്മദി ഗവർണറേറ്റിലും കുടുംബവാസ മേഖലയിൽ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടങ്ങളിലെ വിദേശി ബാച്ലർമാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. താമസക്കാരെ ഒഴിപ്പിക്കണമെന്ന് മൂന്ന് കെട്ടിടങ്ങളുടെ ഉടമകൾക്ക് മുനിസിപ്പൽ അധികൃതർ നോട്ടിസ് നൽകി.