സൗദിയിൽ പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് കഠിനമാകും. നാലായിരം റിയാലിൽ കുറഞ്ഞ ശമ്പളമുള്ള വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകരുതെന്ന് സൗദി ശൂറ കൗൺസിൽ അംഗത്തിെന്റ നിർദ്ദേശം ഉയർന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റ വാർഷിക റിപ്പോർട്ട് അവലോകനത്തിൽ നൽകിയ ശിപാർശയിലാണ് ഡോ.ഫഹദ് ബിൻ ജുമുഅ ഇക്കാര്യം നിർദേശിച്ചത്.

ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കുന്നതിന്റ ഭാഗമായി വന്നുചേർന്നേക്കാവുന്ന പിഴ അടക്കാനും കുറഞ്ഞ വരുമാനക്കാർക്ക് പ്രയാസമാവും. അതിനാൽ ഹൗസ് ഡ്രൈവർമാർ, സ്ഥാപനങ്ങളിലെ ഡ്രൈവർ തസ്തികയിൽ റിക്രൂട്ട് ചെയ്യപ്പെട്ടവർ എന്നിവർക്ക് ഒഴികെ നാലായിരം റിയാലിൽ കുറഞ്ഞ വരുമാനക്കാർക്ക് ലൈസൻസ് നൽകരുതെന്നാണ് ആഭ്യന്തര മന്ത്രാലയത്തോട് ശൂറ കൗൺസിൽ അംഗം നിർദേശിച്ചത്.

പല വിദേശികളും ഡ്രൈവിംങ് ലൈസൻസ് ഉപയോഗിച്ച് സ്വതന്ത്രമായി തൊഴിൽ ചെയ്യുന്നവരാണ്. ഇത് ലൈസൻസ് നൽകുന്നതിെന്റ ലക്ഷ്യത്തിന് വിരുദ്ധമാണ്. കൂടാതെ സ്വദേശികൾക്ക് തൊഴിലും വരുമാനവും ലഭിക്കുന്നതിനും ഇത് തടസ്സമാവുന്നുവെന്നാണ് വിലയിരുത്തൽ.

വിദേശികൾക്ക് ലൈസൻസ് അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ റോഡുകളിൽ തിരക്ക് കുറയാനും റോഡപകടങ്ങൾ കുറക്കാനും കഴിയും.