കുവൈത്ത് സിറ്റി: വിദേശികൾക്കുള്ള ആരോഗ്യ സേവന നിരക്ക്, വിസ ഫീസ്, ഗതാഗത നിയമലംഘനത്തിനുള്ള പിഴ എന്നിവയിൽ വൻ വർധന വേണമെന്ന് ശുപാർശ അടുത്ത ചൊവ്വാഴ്‌ച്ച നടക്കുന്ന പാർലമെന്റ് ചർച്ചയിൽ തീരുമാനമാകും.

രാജ്യത്തെ റെസിഡൻസി നിയമത്തിൽ കാതലായ പരിഷ്‌കരണം വേണമെന്ന നിലപാടിലാണ് മന്ത്രാലയം. ഇതിന്റെ ഭാഗമായി താമസകാര്യ വകുപ്പ് തയാറാക്കിയ നിയമ ഭേദഗതിയുടെ കരട് ചൊവ്വാഴ്ച പാർലമെന്റിൽ ചർച്ചയാകും. രാജ്യത്ത് തൊഴിൽ വിസയിലും ആശ്രിത വിസയിലും താമസിക്കുന്ന വിദേശികളിൽനിന്ന് ഇഖാമ കാലാവധി കഴിഞ്ഞാൽ പ്രതിദിനം രണ്ടു ദീനാർ വീതമാണ് നിലവിൽ പിഴയായി ഈടാക്കുന്നത്. സന്ദർശന വിസയിലുള്ള വിദേശികൾ വിസ കാലാവധിക്ക് ശേഷമുള്ള ഓരോ ദിവസത്തിനും 10 ദീനാർ വീതം പിഴ ഒടുക്കേണ്ടതുണ്ട്. ഈ പിഴ സംഖ്യകൾ ഇരട്ടിയാക്കണം എന്നാണ് താമസകാര്യ വിഭാഗം നിർദേശിച്ചിരിക്കുന്നത്.

ഇതോടൊപ്പം തൊഴിലുടമയിൽനിന്ന് ഒളിച്ചോടുന്ന വിദേശ തൊഴിലാളിക്ക് അഭയമോ ജോലിയോ നൽകുന്നവരിൽനിന്ന് 1000 ദീനാർ പിഴ ഈടാക്കണം എന്ന നിർദേശവും ഉണ്ട്. ആശ്രിത വിസ നിരക്കുകൾ വർധിപ്പിക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. ജീവിത പങ്കാളിക്ക്
നിലവിലെ 100 ദീനാർ എന്നത് ഇരട്ടിയാക്കുക. ഓരോ കുട്ടികൾക്കും 150 കെ.ഡി വീതം ഫീസ് ഈടാക്കുക, സന്ദർശന വിസ നിരക്ക് നിലവിലെ മൂന്നു ദീനാർ 30 ആക്കി വർധിപ്പിക്കുക എന്നീ നിർദേശങ്ങളും താമസകാര്യ വകുപ്പിന്റെ ശിപാർശയിൽ ഉണ്ട്. വിദേശികൾക്കുള്ള ആരോഗ്യ
സേവന നിരക്കുകളിൽ വർധന നടപ്പാക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കവും പാർലമെന്റിന്റെ അംഗീകാരം കാത്തിരിക്കുകയാണ്.