ജിദ്ദ: വിദേശികൾ ഏറ്റവും കൂടുതൽ പണമയക്കുന്ന രണ്ടാമത്തെ രാജ്യം സൗദി അറേബ്യയെന്ന് റിപ്പോർട്ട്. ആഗോളാടിസ്ഥാനത്തിൽ വിദേശ ജീവനക്കാരുടെ പണമിടപാടുകളെ കുറിച്ച് സഊദിയിലെ പ്രാദേശിക ദിനപത്രം 'അൽറിയാദ്' നടത്തിയ പഠനമാണ് പുതിയ വിവരം പുറത്തുവിട്ടത്.

അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 2015 ലെ കണക്ക് പ്രകാരം 145.5 ബില്യൺ റിയാലാണ് (38.8 ബില്യൺ ഡോളർ) സൗദി അറേബ്യയിൽനിന്ന് വിദേശ തൊഴിലാളികൾ നാട്ടിലേക്കയച്ചത്.2008 മുതൽ 2015 വരെയുള്ള കാലയളവിൽ ആഗോളതലത്തിൽ വിദേശികളുടെ പണമിടപാട് 24.1 ശതമാനം വളർച്ച നേടിയതായും റിപ്പോർട്ട് പറയുന്നു.

2015ൽ ലോകാടിസ്ഥാനത്തിൽ വിദേശികൾ നടത്തിയ പണമിടപാട് 391 ബില്യൺ ഡോളറാണ് . ഗൾഫ് മേഖലയിൽ സഊദിക്ക് ശേഷം യു.എ.ഇ യാണ് രണ്ടാം സ്ഥാനത്തുള്ളത്. 20.3 ബില്യൺ ഡോളറാണ് 2015 ൽ യു.എ.ഇ യിലെ വിദേശികൾ നാട്ടിലേക്കയച്ചത്. 2015 ൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ആകെ 99.8 ബില്യൺ ഡോളർ വിദേശികൾ നാട്ടിലേക്കയച്ചതായുംറിപ്പോർട്ടിൽ പറയുന്നു.