വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ശൂറ കൗൺസിൽ ചർച്ചയ്‌ക്കെടുത്തപ്പോൾ അനുകൂലിച്ചത് 32 പേർ മാത്രം. എന്നാൽ എതിർപ്പ് പ്രകടപ്പിച്ചവരാകട്ടെ എൺപത്തിയാറും പേരും. ഇതോടെ നിർദ്ദേശം ശുറാ കൗൺസിലും തള്ളി.

നികുതി ഏർപ്പെടുത്തുന്നത് വിദേശ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുമെന്ന് ശൂറ നിരീക്ഷിച്ചു. കള്ളപ്പണവും ഹവാലയും വർധിക്കാനും നികുതി കാരണമാവും. സൗദിയുടെ സ്വതന്ത്ര സാമ്പത്തിക നയത്തിന് നികുതി എതിരാണെന്നും ശൂറ അഭിപ്രായപ്പെട്ടു.

നികുതി ഈടാക്കണമെന്ന നിർദ്ദേശം ജനറൽഓഡിറ്റിങ് ബ്യൂറോ മുന്മേധാവി
ഹുസൈൻഅൽഅങ്കാരിയാണ് വീണ്ടും മുന്നോട്ടു വച്ചത്. അതേസമയം വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്താൻ നീക്കമില്ലെന്ന് കഴിഞ്ഞ ദിവസം സൗദി ധനകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ മറ്റു രാജ്യങ്ങളുമായുള്ള ധാരണ സൗദി പാലിക്കുമെന്നും ഇതുവരെയുള്ള നിയമം തുടരുമെന്നും മന്ത്രാലയം അറിയിച്ചു. സൗദിക്കകത്ത് തന്നെ നിക്ഷേപം നടത്താൻ വിദേശികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നികുതി ഏർപ്പെടുത്താനുള്ള ന്യായീകരണമായി പറഞ്ഞിരുന്നത്. എന്നാൽ ഇത് നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.