കുവൈത്ത് സിറ്റി: രാജ്യത്തെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് പകരം വിദേശികളിൽനിന്ന് നികുതി ഈടാക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ കരട് പ്രമേയം കൊണ്ടുവരുമെന്ന് സഫ അൽ ഹാഷിം എംപി. യു.എ.ഇ പോലുള്ള രാജ്യങ്ങൾ ഇത് നടപ്പാക്കിയിട്ടുണ്ട്. 14 ബില്യൻ ദീനാറോളമാണ് വിദേശികൾ കുവൈത്തിൽനിന്ന് തങ്ങളുടെ നാട്ടിലേക്ക് അയക്കുന്നത്. ഇതിന് ഇതുവരെ അവരിൽനിന്ന് നികുതി വസൂലാക്കുന്നില്ല.

രാജ്യത്തിന്റെ അന്തരീക്ഷത്തിലൂടെ പറക്കുന്ന വിദേശ വിമാനങ്ങൾക്കും പ്രത്യേക ഫീസ് ഏർപ്പെടുത്തിയിട്ടില്ല. ഇതുപോലുള്ള നിരവധി സൗകര്യങ്ങളാണ് ഫീസോ നികുതിയോ ഏർപ്പെടുത്താതെ വിദേശികൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.

ജനസംഖ്യാ അനുപാതം ക്രമീകരിക്കുന്നതിന്റെ മുന്നോടിയായി ഇത്തരം കാര്യങ്ങളിൽകൂടി സർക്കാറിന്റെ ശ്രദ്ധയുണ്ടാവണമെന്ന് എംപി പറഞ്ഞു. അതുപോലെ തൊഴിൽ പ്രാവീണ്യമുള്ള വിദേശികളെ മാത്രം പുതുതായി റിക്രൂട്ട് ചെയ്യുക. സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പള പരിധി ഉയർത്തുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.

ഒരു കുവൈത്തിക്ക് മൂന്നു വിദേശികൾ എന്ന നിലവിലെ ജനസംഖ്യാ അനുപാതത്തിൽ മാറ്റമുണ്ടാവണം. 20,000 സ്വദേശി ചെറുപ്പക്കാരാണ് രാജ്യത്ത് തൊഴിൽ രഹിതരായി കഴിയുന്നത്. ഇത്തരം നടപടികളിലൂടെ മാത്രമേ ജനസംഖ്യാ അനുപാതം ക്രമപ്പെടുത്താനും അതുവഴി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ഉറപ്പുവരുത്താനും സാധിക്കുകയുള്ളൂവെന്ന് എംപി കൂട്ടിച്ചേർത്തു