ദുബൈ: ഒറ്റ നോട്ടത്തിൽ പ്രവാസികൾക്ക് ഒരു പ്രതീക്ഷ നൽകുന്നു എന്ന് തോന്നുന്ന രീതിയിലുള്ള ബജറ്റ്, പ്രവാസി പെൻഷൻ ഉയർത്തിയതും, പ്രവാസികളുടെ ഓൺലൈൻ ഡേറ്റ ബെയ്‌സ് തയ്യാറാക്കൽ,കെ.എസ്.എഫ്.ഇ വഴി ചിട്ടി അടക്കമുള്ള പദ്ധതികൾ,ലോക കേരളസഭ രൂപവൽകരണം എല്ലാം പ്രശംസനീയം തന്നെ എന്നാൽ കേരളം പോലുള്ള ഒരു സംസ്ഥാനത്തിൽ പ്രായോഗികവൽകരിക്കാൻ കഴിയാത്ത നിർദ്ദേശങ്ങൾ അടങ്ങിയ ബജറ്റാണ് കേരള സർക്കാർ അവതരിപ്പിച്ചത്.

കിഫ്ബി എന്ന അത്ഭുത വിളക്ക് കാണിച്ചു ജനങ്ങളെയും പ്രവാസികളെയും തെറ്റിദ്ധരിപ്പിച്ചുള്ള ബജറ്റാണ് ധനകാര്യമന്ത്രിയുടേത്. തരിച്ചു കിട്ടാത്ത സംരംഭങ്ങളിലേക്കാണ് പ്രവാസികളുടെ നിക്ഷേപം ക്ഷണിക്കുന്നത്.നോർക്ക പോലുള്ള ഒരു വകുപ്പിന്റെ കീഴിലുള്ള പദ്ധതികൾ പോലും നല്ലരീതിയിൽ കൊണ്ടുപോകാൻ കഴിയാത്ത ഒരു സർക്കാരാണ് പ്രവാസികളുടെ അടുത്ത് നിന്ന് ചിട്ടി പിരിച്ചും, കിഫ്ബിയിലേക്ക് പ്രവാസി സംരംഭകരെ തേടിയും കേരളത്തിന്റെ വികസനകുതിപിന് തുടക്കമിടുന്നത്. പ്രവാസികളെ കണ്ണിൽ പൊടിയിട്ടു അവരെ ആവശ്യാനുസരണം ഉപയോഗിക്കുക എന്നതാണ് ഈ പദ്ധതികൾ എന്ന് പറയാനേ കഴിയൂ.

ന്യൂനപക്ഷ വിഭാഗങ്ങളെ പാടെ അവഗണിച്ച ബജറ്റ് ആണ് എന്നതാണ് മറ്റൊരു എടുത്തുപറയേണ്ട കാര്യം.ചുരുക്കത്തിൽ പ്രായോഗികമല്ലാത്ത രീതിയിൽ വരുമാനം കണ്ടെത്തികൊണ്ട് വൻ പദ്ധതികൾ പറയുന്ന ദീർഘവീഷണമില്ലാത്ത ബജറ്റാണ് എന്ന ആശങ്കയോടെയാണ് ഈ ബജറ്റിനെ പ്രവാസ സമൂഹം നോക്കികാണുക.