മനാമ : ബാച്ചിലേഴ്‌സിന്റെ താമസം ഇനി കീറാമുട്ടിയാകും. ബാച്ചിലേഴ്‌സായ പ്രവാസികൾ റസിഡൻഷ്യൽ ഏരിയകളിൽ താമസിക്കുന്നതിന് രാജ്യം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു വെന്നാണ് സൂചന. ഇതിനായുള്ള നിയമം സംബന്ധിച്ച് അടുത്ത ക്യാബിനറ്റ് മീറ്റിങ്ങിൽ എംപിമാർ വോട്ട് രേഖപ്പെടുത്തും.

റസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലേഴ്‌സായ കൂടുതൽ പ്രവാസികൾ താമസിക്കുന്നത് നിയന്ത്രിക്കാനാണ് നീക്കമെന്ന് പ്രതിനിധി സഭയിലെ സർവ്വീസ് കമ്മിറ്റി അറിയിച്ചു. ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ പരാതികൾ ഇല്ലാതാക്കാൻ നിയന്ത്രണം നടപ്പാക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്.

ഇടുങ്ങിയ സ്ഥലങ്ങളിൽ തിങ്ങിപ്പാർക്കുന്ന ബാച്ചിലേഴ്‌സായ പ്രവാസികൾക്കും അവരുടെ താമസ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ നിയമം വഴിവെക്കും. സുരക്ഷിതത്വ മില്ലാത്ത അത്തരം കെട്ടിടങ്ങളിൽ താമസിക്കുന്നത് പ്രവാസികൾക്ക് ഭീഷണി ഉയർത്തുന്നതാണെന്നും കമ്മിറ്റി ചൂണ്ടിക്കാണിച്ചു.

നിയമം സംബന്ധിച്ച് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ്, വോർക്‌സ്, മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് പ്ലാനിങ് മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ബഹ്റിൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി തുടങ്ങിയവയുമായി ചർച്ച നടത്തിയതായും കമ്മിറ്റി അറിയിച്ചു.