ദോഹ: ഖത്തറിൽ വീണ്ടും മെർസ് ബാധ കണ്ടെത്തിയതായി സുപ്രിം കൗൺസിൽ ഓഫ് ഹെൽത്ത് (എസ്സിഎച്ച്) അറിയിച്ചു. ഒട്ടകഫാമിൽ ജോലി ചെയ്യുന്ന ഇരുപത്തൊമ്പതുകാരനായ വിദേശ തൊഴിലാളിക്കാണ് മെർസ് ബാധ ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നത്.
ഈ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ മെർസ് കേസാണിത്. ഇതോടെ ഖത്തറിൽ ഈ രോഗം പിടിപെട്ട ആളുകളുടെ എണ്ണം 14 ആയി. കഴിഞ്ഞ മാർച്ചിലാണ് 69 കാരനായ സ്വദേശിക്ക് മെർസ് ബാധ സ്ഥിരീകരിച്ചത്.

മെയ്‌ 19നാണ് വിട്ടുമാറാത്ത പനിയും ചുമയുമായി ഇരുപത്തൊമ്പതുകാരൻ പ്രൈമറി ഹെൽത്ത് കെയർ സെന്ററിലെത്തുന്നത്. തുടർന്നു നടത്തിയ പരിശോധനയിൽ യുവാവിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഉടൻ തന്നെ മെർസ് ബാധയുള്ളവർക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.

ഇയാൾക്ക് മറ്റു ഗുരുതരമായ രോഗങ്ങളൊന്നുമില്ലെന്നും രോഗലക്ഷണങ്ങൾ കാട്ടിത്തുടങ്ങുന്നതിന് മുമ്പ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടില്ലെന്നും ഉറപ്പാക്കിയിട്ടുണ്ട്. നേരത്തെ രോഗമുള്ളവരുമായി ആരുമായും ഇയാൾ ഇടപഴകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം രോഗിയുടെ നില തൃപ്തികരമാണെന്നും ചികിത്സ തുടരുന്നുണ്ടെന്നും എസ്സിഎച്ച് ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

മെർസിനെ പ്രതിരോധിക്കുന്നതിനും മുൻകരുതലിനുമുള്ള നിർദേശങ്ങൾ ഖത്തർ നേരത്തെ തന്നെ നൽകിയിരുന്നു. ഇതിനുപുറമെ പുറമെ ആരോഗ്യപ്രവർത്തകർക്ക് വിദഗ്ധ പരിശീലനവും നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് പബ്‌ളിക് അഡൈ്വസ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം ആദ്യമായാണ് മെർസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്.