ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും മുമ്പിലായി ഇടം പിടിച്ചിരിക്കുകയാണ് യു.എ.ഇ നഗരങ്ങളായ ദുബായിലും അബുദാബിയും. ഇരുനഗരങ്ങളിലും ജീവിതച്ചെലവ് വർധിച്ചതായി റിപ്പോർട്ട്. പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും ചെലവേറിയ ലോകനഗരങ്ങളുടെ പട്ടികയിൽ ദുബായ് ഇരുപത്തി മൂന്നാം സ്ഥാനത്തുണ്ട്. അബുദാബിക്കാവട്ടെ മുപ്പത്തിമൂന്നാം സ്ഥാനവും. ഈ വർഷത്തെ മെർസർ കോസ്റ്റ് ഓഫ് ലിവിങ് സർവേയാണ് നഗരങ്ങളെ റാങ്കിങ് നടത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ദുബായ് 67ാം സ്ഥാനത്തായിരുന്നു. ഇതിൽ നിന്നാണ് 44 സ്ഥാനങ്ങൾ ഉയർന്ന് 23ാം സ്ഥാനത്ത് ദുബായ് എത്തി നിൽക്കുന്നത്. അബുദാബി കഴിഞ്ഞ വർഷം 68ാം സ്ഥാനത്തായിരുന്നു. ഇതാണ് ഇപ്പോൾ 33ാം സ്ഥാനത്ത് എത്തി നിൽക്കുന്നത്. ഇരു നഗരങ്ങളിലേയും ജീവിതച്ചെലവുകൾ നേരേ കുത്തനെയാണ് ഉയർന്നിരിക്കുന്നത്. അബുദാബിയിലും ദുബായിലും വാടക വർധിച്ചത് ജീവിതച്ചെലവ് കൂടാൻ പ്രധാന കാരണമായെന്ന് സർവേ വിലയിരുത്തുന്നു.

അഞ്ച് ഭൂഖണ്ഡങ്ങളിലായി 207 നഗരങ്ങളെയാണ് മെർസർ സർവേയിൽ ഉൾപ്പെടുത്തിയത്. വീട്ടുവാടക, ഗതാഗതച്ചെലവ്, ഭക്ഷണം, വസ്ത്രം, വിനോദം, വീട്ടുസാധനങ്ങൾ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് പ്രവാസികൾക്കുള്ള ജീവിതച്ചെലവ് അധികൃതർ കണക്കാക്കിയത്. സൗദി അറേബ്യയിലെ റിയാദ് 71ാം സ്ഥാനത്തും ബഹ്‌റിനിലെ മനാമ 91ാം സ്ഥാനത്തും ഒമാനിലെ മസ്‌ക്കറ്റും കുവൈറ്റിലെ കുവൈറ്റ് സിറ്റിയും 117 –ാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. അങ്കോളയിലെ ലുആണ്ടയാണ് ഒന്നാം സ്ഥാനത്ത്. ഹോങ്കോംഗ്, സൂറിച്ച് എന്നീ നഗരങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.