ജിദ്ദ: രാജ്യത്തെ പ്രവാസി ഡോക്ടർമാർക്കും കൺസൾട്ടന്റുമാർക്കും സ്‌പെഷ്യലിസ്റ്റുകൾക്കും തിരിച്ചടിയായി പുതിയ ഇഖാമ നിയമം. പത്തു വർഷം ഇവിടെ സേവനം പൂർത്തിയാക്കിയ ഡോക്ടർമാർക്കും സ്‌പെഷ്യലിസ്റ്റുകൾക്കും അവരുടെ വർക്ക്, റെസിഡൻസി പെർമിറ്റ് (ഇഖാമ) പുതുക്കി നൽകേണ്ടതില്ലെന്നാണ് ആരോഗ്യമന്ത്രി തഫീഖ് അൽ റബിയ പ്രഖ്യാപിച്ചിരിക്കുന്നത്. 

സൗദി ആരോഗ്യമേഖലയേയും ഉടച്ചു വാർക്കുന്നതിന്റെ ശ്രമഫലമായാണ് പ്രവാസി ഡോക്ടർമാർക്ക് തിരിച്ചടിയായിക്കൊണ്ട് പുതിയ ഇഖാമ നിയമം പ്രാബല്യത്തിൽ വരുത്തുന്നത്. സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും എല്ലാ പ്രവർത്തനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിൻ കീഴിൽ കൊണ്ടുവരാനുമുള്ള ശ്രമത്തിലാണ് പുതുതായി ചുമതലയേറ്റ ആരോഗ്യമന്ത്രി.

വിദേശി ഡോക്ടർമാർ ആശുപത്രികളിൽ ഇനി മുതൽ ഭരണച്ചുമതല ഏൽക്കേണ്ടതില്ലെന്നും അവരുടെ സ്‌പെഷ്യലിസ്റ്റ് മേഖലയിൽ ശ്രദ്ധപതിപ്പിച്ചാൽ മതിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പതിനഞ്ച് വർഷം രാജ്യത്ത് ചെലവഴിച്ച പ്രവാസി കൺസൾട്ടന്റുമാരുടെ ഇഖാമ പുതുക്കേണ്ടതില്ലെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.