കുവൈറ്റ് സിറ്റി: സ്വകാര്യ റെസിഡൻസ് മേഖലകളിൽ താമസിക്കുന്ന വിദേശി കുടുംബങ്ങളെ തത്ക്കാലം ഒഴിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ അഹമ്മദ് അൽമാൻഫൗഹി അറിയിച്ചു. ഏതെങ്കിലും തലത്തിലുള്ള നിയമലംഘനം നടത്തുന്നവർക്കെതിരേ മാത്രമായിരിക്കും നടപടി. സമീപവാസികൾക്ക് ശല്യമുണ്ടാക്കുക, അനുവദനീയമായ എണ്ണത്തിലും കൂടുതൽ ആൾക്കാർ താമസിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവരെ ഇവിടങ്ങളിൽ നിന്നു മാറ്റിപ്പാർപ്പിക്കുമെന്നും അഹമ്മദ് അൽമാൻഫൗഹി വ്യക്തമാക്കി.

ഒരു യൂണിറ്റിൽ ഒരു കുടുംബത്തിലധികം താമസിക്കുന്നതും കൺസ്ട്രക്ഷൻ സംബന്ധിച്ച കാര്യങ്ങളലും നിയമലംഘനത്തിൽ ഉൾപ്പെടുന്നതാണ്. അതേസമയം സ്വകാര്യ റെസിഡൻസ് മേഖലകളിൽ താമസിക്കുന്ന ബാച്ചിലർമാരെ ഇവിടെ നിന്നും നീക്കം ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കും. ഈ മേഖലകളിൽ താമസിക്കുന്ന ബാച്ചിലർമാർ സ്വയം മാറിപ്പോകണമെന്നും അല്ലാത്ത പക്ഷം കുടിയൊഴിപ്പിൽ നടപടികൾക്ക് വിധേയമാകുമെന്നും മുനിസിപ്പാലിറ്റി ഡയറക്ടർ മുന്നറിയിപ്പു നൽകി.