ജിദ്ദ: വിദേശികൾക്ക് ഫാമിലി വിസിറ്റ് വിസാ ഓൺലൈനിൽ കൂടി ലഭ്യമായി തുടങ്ങിയതായി ഇന്റീരിയർ മിനിസ്ട്രിയുടെ ഓൺലൈൻ സേവന വിഭാഗം വ്യക്തമാക്കി. വിദേശികൾക്ക് ഓൺലൈൻ ഫാമിലി വിസ സംവിധാനം ഏർപ്പെടുത്തുന്നതായി കഴിഞ്ഞ മാസമാണ് പ്രഖ്യാപനമുണ്ടായത്. വിസ ലഭ്യമാകുന്നതിനുള്ള സമയവും അതുവഴിയുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കാനാണ് ഓൺലൈൻ സേവനം പ്രാബല്യത്തിൽ വരുത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ സന്ദർശിച്ച് അബ്ഷിർ അക്കൗണ്ട് എടുക്കുന്നവർക്ക് ഓൺലൈൻ വിസയ്ക്ക് അപേക്ഷ നൽകാം. അബ്ഷിർ രജിസ്റ്റർ ചെയ്ത ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കയോസ്‌കുകൾ വഴി വിരലടയാളം നൽകി അബ്ഷിർ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതോടെ സേവനം ലഭ്യമായിത്തുടങ്ങും.

തുടർന്ന് ഓൺലൈൻ സേവനങ്ങളുടെ കാറ്റഗറിയിൽനിന്ന് റിക്രൂട്ടിങ് വിഭാഗവും തുടർന്ന് വിദേശികളുടെ ഫാമിലി വിസ എന്ന ഉപവിഭാഗവും തെരഞ്ഞെടുക്കുക. ശേഷം പുതിയ വിസ എന്ന വിഭാഗത്തിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.

അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ കോപ്പി പ്രിന്റ് ചെയ്ത് അപേക്ഷകൻ ഒപ്പിട്ട് ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ സീൽ പതിപ്പിച്ച ശേഷം ചേംബറിൽ നിന്ന് അറ്റസ്റ്റ് ചെയ്യുന്നതോടെ അപേക്ഷ സമർപ്പണം പൂർത്തിയായി. അപേക്ഷ സ്വീകരിക്കുന്നതു സംബന്ധിച്ച വിവരം പിന്നീട് സൈറ്റ് വഴി ലഭ്യമാകുന്നതാണ്. ഓൺലൈൻ ഫാമിലി വിസ നടപടികൾ അപേക്ഷ സമർപ്പിച്ച തീയതി മുതൽ ഒരു മാസത്തിനകം പൂർത്തിയാക്കിയിരിക്കണം. അപേക്ഷകന്റെ ഇഖാമ അപേക്ഷിക്കുന്ന സമയത്ത് 90 ദിവസത്തിനുമേൽ കാലാവധി ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. 18 വയസ്സിന് മുകളിൽ പ്രായമുള്ള ആൺകുട്ടികൾക്ക് വേണ്ടി സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്‌ളെന്നും അധികൃതർ വ്യക്തമാക്കി.