റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഫാമിലി വിസ ലഭിക്കുന്നതിനുള്ള നിബന്ധനകൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. അബ്ഷിർ സംവിധാനം വഴിയാണ് ഫാമിലി വിസക്ക് അപേക്ഷിക്കേണ്ടത്.സ്വദേശികളും വിദേശികളുമായ വ്യക്തികളുടെ ഇലക്ട്രോണിക് സേവനത്തിന് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച സംവിധാനമാണ് 'അബ്ഷിർ'. ഫാമിലി വിസ ലഭിക്കാൻ, അബ്ഷിർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് ആദ്യം അക്കൗണ്ട് തുടങ്ങണം.

200ലധികം പ്രൊഫഷനുകളിലുള്ളവർ ഫാമിലി വിസ ലഭിക്കാൻ അർഹരായിരിക്കും. മന്ത്രാലയത്തിന്റെ ംംം.ാീശ.ഴീ്.മെ എന്ന വെബ്‌സൈറ്റ് വഴി ഫാമിലി വിസക്ക് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള നിബന്ധനകൾ വെബ്‌സൈറ്റിലെ അബ്ഷിർ ലിങ്കിൽ ക്‌ളിക് ചെയ്താൽ ലഭിക്കും.

ഇഖാമയിൽ 90 ദിവസത്തിലധികം കാലാവധിയുണ്ടായിരിക്കുക, റിക്രൂട്ടിങിനുള്ള ഫീസ് ബാങ്ക് വഴി ഓൺലൈനായി അടച്ചിരിക്കുക, അപേക്ഷാഫോറം പൂർണമായും ഇലക്ട്രോണിക് രീതിയിൽ പൂരിപ്പിക്കുക, മന്ത്രാലയത്തിന്റെ ഇതര നിബന്ധനകൾ പൂർത്തീകരിക്കുക എന്നിവയാണ് അപേക്ഷ പരിഗണിക്കാനുള്ള മാനദണ്ഡങ്ങൾ.

18 വയസ്സ് തികഞ്ഞ കുട്ടികൾക്ക് ഫാമിലി വിസ ലഭിക്കില്ല. ഒന്നിലധികം ഭാര്യമാരെയും ഫാമിലി വിസയിൽ റിക്രൂട്ട് ചെയ്യാനാവില്ല. ഇലക്ട്രോണിക് ഫോമിൽ നൽകിയ ഇഖാമയിലെ പ്രൊഫഷൻ മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തും. ഓൺലൈൻ വഴി മന്ത്രാലയത്തിന് സമർപ്പിച്ച അപേക്ഷ പ്രിന്റ് എടുത്ത് ഒരു മാസത്തിനകം തൊഴിലുടമയിൽ നിന്ന് ചേംബർ ഓഫ് കൊമേഴ്‌സിൽ നിന്ന് സാക്ഷ്യപ്പെടുത്തണം. 30 ദിവസത്തിനകം ചേംബറിൽ നിന്ന് ഓൺലൈൻ വഴി അറ്റസ്റ്റ് ചെയ്യാത്ത അപേക്ഷ നിരസിക്കപ്പെടും. എന്നാൽ ഇത്തരക്കാർക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്.

വിസ അനുവദിക്കുന്ന സാഹചര്യത്തിൽ അപേക്ഷകൻ അബ്ഷിറിൽ നൽകിയ മൊബൈൽ നമ്പറിൽ വിസ വിവരങ്ങളടങ്ങിയ സന്ദേശം ലഭിക്കുന്നതാണ് പുതിയ ഓൺലൈൻ സംവിധാനം. അബ്ഷിറിൽ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്കിൽ ക്‌ളിക് ചെയ്യുന്നതോടെ അപേക്ഷകന്റെ അടിസ്ഥാന വിവരങ്ങൾ സ്‌ക്രീനിൽ തെളിയുന്നതും ഇലക്ട്രോണിക് സംവിധാനത്തിന്റെ സൗകര്യമാണ്. ഇഖാമ, പാസ്‌പോർട്ട് വിവരങ്ങൾ, സ്‌പോൺസർ, തൊഴിലുടമയുടെ ഇലക്ട്രോണിക് റഫറൻസ് നമ്പർ, അപേക്ഷകന്റെ പ്രൊഫഷൻ, മൊബൈൽ നമ്പർ എന്നിവ അബ്ഷിർ സ്‌ക്രീനിൽ തെളിയുന്ന അടിസ്ഥാന വിവരങ്ങളാണ്.