തൊഴിൽ കയറ്റത്തിന് വേണ്ടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച മലയാളിക്ക് മൂന്ന് വർഷം തടവും ശേഷം നാട് കടത്തലും ശിക്ഷ വിധിച്ചു. ദോഹ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ബിഎസ്‌സി ബിരുദ സർട്ടിഫിക്കറ്റ് 2006 എന്ന നിലയിലാണ് ഇയാൾ വ്യാജരേഖ ചമച്ചത്. പ്രാദേശിക അറബി പത്രമായ അരയാത് ആണ് കഴിഞ്ഞ ദിവസ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു രേഖയിൽ നിന്ന് സ്റ്റിക്കർ എടുക്കുകയും വ്യാജ സർട്ടിഫിക്കറ്റിൽ പതിക്കുകയും ആയിരുന്നു ആദ്യപടി. പിന്നീട് 2006 ലെ ഒപ്പ് പേന ഉപയോഗിച്ച് പകർത്തുകയും മുംബൈയിലെ ഖത്തർ എംബസിയുടെ വ്യാജ സ്റ്റാംപ് ഉപയോഗിച്ച് സീൽ വെക്കുകയും ചെയ്തു. തുടർന്ന് ദോഹയിലെ അറ്റസ്‌റ്റേഷൻ വകുപ്പിന് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചപ്പോഴാണ് കള്ളി പിടിക്കപ്പെട്ടത്.

സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യതയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ രേഖകൾ ലാബിലേക്ക് അയക്കുകയും കള്ളനെ കയ്യോടെ പിടികൂടുകയും ചെയ്തു. മറ്റൊരാൾക്ക് ഇരുപതിനായിരം രൂപ നൽകിയാണ് വ്യാജ രേഖ ഉണ്ടാക്കിയതെന്ന് ഇയാൾ കോടതിയിൽ സമ്മതിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടു കടത്തും.