മസ്‌ക്കറ്റ്: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുമെന്ന വാർത്ത മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ നെഞ്ചിടിപ്പോടെയാണ് കേട്ടിരുന്നത്. എന്നാൽ വിദേശികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് ഒമാൻ സെൻട്രൽ ബാങ്ക് ചീഫ് ഹമൂദ് സൻഗൗർ അൽ സദ്ജാലി വ്യക്തമാക്കി.

എണ്ണവില ഇടിഞ്ഞ സാഹചര്യത്തിൽ രാജ്യം ഏറെ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഇതു മറികടക്കുന്നതിന് പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കി ആയിരിക്കില്ല. ഇത്തരത്തിൽ നികുതി ഏർപ്പെടുത്തും മുമ്പ് നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഇന്റർനാഷണൽ മണിട്ടറി ഫണ്ടിന്റെ നിയമപരമായ നടപടികൾക്ക് വിധേയമായേ തങ്ങൾക്ക് ഇത്തരം നികുതി ഏർപ്പെടുത്താനാകൂ. രാജ്യാന്തര ധന കൈമാറ്റത്തിന് യാതൊരു നികുതിയും ഈടാക്കാൻ പാടില്ലെന്ന് ഐഎംഎഫ് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരു ജിസിസി രാജ്യവും ഇത്തരത്തിൽ നികുതി ഈടാക്കുന്നില്ല.

2014 നവംബറിൽ തന്നെ മജ്ലിസ് അൽ ഷൂര ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചിട്ടിരുന്നു. എന്നാൽ സ്റ്റേറ്റ് കൗൺസിൽ അത് തള്ളുകയായിരുന്നു. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഇക്കൊല്ലം ആദ്യ പകുതിയിൽ 1.1 ശതമാനം വർദ്ധന ഉണ്ടായിട്ടുണ്ട്. 2.13 ബില്യൻ റിയാലിൽ കൂടിയിട്ടുമുണ്ടിത. ആഭ്യന്തര നിക്ഷേപത്തിന്റെ നല്ലൊരു ശതമാനം കുടിയേറ്റ തൊഴിലാളികൾ ചോർത്തുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ഇത് രാജ്യത്തെ വിദേശ കരുതലിനെ ബാധിക്കുന്നുമുണ്ട്. അതേസമയം അവർ നൽകുന്ന സംഭാവനകൾ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.