മസ്‌കത്ത്: സ്വദേശികളെ പോലെ വിദേശികളുടെ തൊഴിൽ കരാറുകളും രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന നടപ്പിലാക്കാൻ മാനവ വിഭവ ശേഷി മന്ത്രാലയം ഒരുങ്ങുന്നു. നിലവിൽ സ്വദേശികളുടെ തൊഴിൽ കരാറുകൾ മാത്രം രജിസ്റ്റർ ചെയ്താൽ മതി. എന്നാൽ, വരും ദിവസങ്ങളിൽ പ്രവാസികൾ കൂടുതലുള്ള ചില കമ്പനികളെ കൂടി ഈ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട് പറയുന്നു.

ഇവർ എല്ലാ വിഭാഗം തൊഴിലാളികളുടെയും കരാറുകൾ രജിസ്റ്റർ ചെയ്യേണ്ടിവരും. നിലവിൽ വിദേശ തൊഴിലാളികളുടെ രണ്ട് കരാറുകൾ ചില കമ്പനികൾ തയാറാക്കുന്നുണ്ട്. അതിൽ ഒന്ന് മന്ത്രാലയത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ തൊഴിലാളിയെ കൊണ്ട് ഒപ്പുവെപ്പിക്കുന്ന പതിവുണ്ട്. രാജ്യത്തെ കമ്പനികളിലെ എല്ലാ വിഭാഗം തൊഴിലാളികളുടെയും കരാറുകൾ മന്ത്രാലയത്തിന് കീഴിലാക്കുന്നതിനാണ് തങ്ങൾ പരിശ്രമിക്കുന്നതെന്ന് അൽ ബത്താഷി പറഞ്ഞു.

ഇതുവഴി വിപണിയെ നിരീക്ഷിക്കാനും നിയമലംഘനങ്ങൾക്ക് തടയിടാനും സാധിക്കും. കരാർ ഒരിക്കൽ മന്ത്രാലയം അംഗീകരിച്ചാൽ വിദേശികൾക്ക് വ്യത്യസ്ത വേതനം നൽകുന്നതടക്കം കമ്പനി നിയമത്തിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ലംഘിക്കപ്പെടുന്നത് ഒഴിവാക്കാം.
ഇത് രാജ്യത്തെ തൊഴിൽമേഖലയിൽ സൗഹാർദപരമായ അന്തരീക്ഷമുണ്ടാക്കുമെന്നും അൽ ബത്താഷി പറഞ്ഞു. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. പുതിയ തൊഴിൽനിയമം നടപ്പിൽ വന്നശേഷം ഇത് പ്രാബല്യത്തിൽ വരുത്താൻ സർക്കാർ തയാറാകുമെന്നാണ് കരുതുന്നത്.