തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ലെന്ന ചീത്തപ്പേരിന് പിന്നാലെ കൃത്യമായി വാടക നൽകാത്തതിനെ തുടർന്ന് എംവി നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാലനിനെതിരെ പരാതിയുമായി കെട്ടിട ഉടമ കോടതിയിൽ. വാടക ആവശ്യപ്പെട്ട് നിരവധി തവണ കയറി ഇറങ്ങിയിട്ടും നികേഷ് കുമാർ വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് ഉടമ കേസുമായി മുന്നോട്ട് പോയത്. റിപ്പോർട്ടർ ചാനലിന്റെ തിരുവനന്തപുരം ബ്യൂറോ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക ഇനത്തിൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി 15 ലക്ഷത്തോളം രൂപയാണ് തനിക്ക് നികേഷ് കുമാർ നൽകാനുള്ളതെന്ന് കെട്ടിട ഉടമയും പ്രവാസി വ്യവസായിയുമായി ജേക്കബ് തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെ ഏരീസ് പ്ലസ് തിയറ്റർ കോംപ്ലക്സിന് എതിർവശം സ്ഥിതി ചെയ്യുന്ന ഗൾഫ് സ്റ്റാർ എന്ന കെട്ടിടത്തിലെ രണ്ടാം നിലയിലാണ് റിപ്പോർട്ടർ ചാനലിന്റെ ബ്യറോയും സ്റ്റുഡിയോയും പ്രവർത്തിക്കുന്നത്. 2012 മുതലാണ് ചാനലിന്റെ പ്രവർത്തനം ഇവിടെ ആരംഭിക്കുന്നത്. നാൽപതിനായിരം രൂപ മാസ വാടകയിനത്തൽ കരാർ ഒപ്പ് വച്ചായിരുന്നു കെട്ടിടം വാടകയ്ക്ക് നൽകിയത്. രണ്ട് വർഷമായി ഇപ്പോൾ വാടകയുമില്ല കെട്ടിടം ഒഴിഞ്ഞ് പോകാൻ തയ്യാറുമല്ലെന്ന നിലയിലാണ് പ്രവർത്തനമെന്നും വാടക ചോദിച്ച് ചെല്ലുമ്പോൾ അപമര്യാദയായിട്ടാണ് ചില ജീവനക്കാർ പെരുമാറുന്നതെന്നും കെട്ടിട ഉടമ മറുനാടൻ മലയാളിയോട് പറഞ്ഞു.