തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസനകാര്യങ്ങളിൽ ഇനിയങ്ങോട്ട് നട്ടെല്ലായി നിൽക്കേണ്ടത് പ്രവാസി മലയാളികളാണെന്ന വ്യക്തമായ സന്ദേശം നൽകുന്ന ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. പ്രവാസികളുടെ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനൊപ്പം നിരവധി പ്രവാസിക്ഷേമ വാഗ്ദാനങ്ങളും ബജറ്റിൽ മുന്നോട്ടുവയ്ക്കുന്നു. ഇത്തരത്തിൽ പ്രവാസികളുടെ കാര്യമായ സഹായമില്ലാതെ സംസ്ഥാനത്ത് വികസനം സാധ്യമാവില്ലെന്ന് വ്യക്തമായിത്തന്നെ സൂചനകളുണ്ട് ഐസക്കിന്റെ ബജറ്റിൽ.

സംസ്ഥാനത്തെ റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിന് ഫണ്ട് കണ്ടെത്തുന്നത് കിഫ്ബിയിലൂടെയും പ്രവാസികൾ നിക്ഷേപിക്കുന്ന ബോണ്ടുകളിലൂടെയും ആണെന്ന് വ്യക്തം. ഇതോടൊപ്പം പ്രവാസി മലയാളികൾക്കായി കെഎസ്എഫ്ഇ പ്രത്യേക ചിട്ടി ആരംഭിക്കും. പവാസികൾക്കായി കെഎസ്എഫ്ഇ ചിട്ടിയും ഇൻഷുറൻസ് പാക്കേജും ലോകകേരള സഭാ രൂപീകരണവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

വികസനപ്രവർത്തനങ്ങൾക്കു പണം കണ്ടെത്താനായി കെഎസ്എഫ്ഇ വഴി പ്രവാസികൾക്കായി ചിട്ടി നടപ്പാക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. പേയ്‌മെന്റ് ഗേറ്റ് വേ വഴി പ്രവാസികൾക്കു ചിട്ടിയിൽ പണമടയ്ക്കാൻ കഴിയും. നിക്ഷേപങ്ങൾക്കു സർക്കാർ ഗ്യാരന്റി നൽകും. ഇത്തരത്തിൽ സമാഹരിക്കുന്ന പണം കിഫ്ബി ബോണ്ടിൽ നിക്ഷേപിക്കും. തുടർന്നു വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ഇത്തരത്തിൽ കിഫ്ബിയെന്ന സംസ്ഥാന സർക്കാരിന്റെ മൂലധന ശേഖരണ പദ്ധതിയിലെ മുഖ്യ പങ്കാളികൾ പ്രവാസി മലയാളികളാകുമെന്ന് വ്യക്തമാവുകയാണ്.

സംസ്ഥാനത്തെ എല്ലാ വികസന പദ്ധതികൾക്കും നികുതിമൂലവും മറ്റും ലഭിക്കുന്ന വരുമാനത്തിന്റെ പുറമെ പ്രധാന സ്രോതസ്സായി മാറുമെന്ന് സംസ്ഥാനം കണക്കാക്കുന്നത് കിഫ്ബിയെയാണ്. ഇതിലെക്ക് 25,000 കോടി രൂപ സമാഹരിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഇതിലേക്ക് ഫണ്ടെത്തുന്നതിന് മുഖ്യമായി ആശ്രയിക്കുക പ്രവാസി നിക്ഷേപകരെ ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ധനമന്ത്രി. ഇത്രയും തുകയിൽ വലിയൊരു പങ്ക് എന്ന നിലയിൽ വിദേശത്ത് വിയർപ്പൊഴുക്കി മലയാളികൾ നേടുന്ന പണം എത്തിയില്ലെങ്കിൽ കേരളത്തിലെ വികസനത്തെ അത് സാരമായി തന്നെ ബാധിക്കുമെന്നും ഇതോടെ വ്യക്തമാകുന്നു.

ഇത്തരത്തിൽ പ്രവാസികളുടെ കയ്യയച്ചുള്ള സഹായം കേരളം തേടുമ്പോഴും അവരുടെ ക്ഷേമത്തിനായി കാര്യമായ പദ്ധതികൾക്കും സർക്കാർ തുടക്കമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രവാസി ക്ഷേമപെൻഷൻ 500 രൂപയിൽനിന്ന് 2000 രൂപയാക്കി വർധിപ്പിച്ചു. പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണ്യവികസനത്തിനും 18 കോടി രൂപ ബജറ്റിൽ അനുവദിച്ചു. പ്രവാസികളുടെ ഓൺലൈൻ ഡാറ്റാബേയ്‌സ് തയാറാക്കാൻ തീരുമാനിച്ചു. രജിസ്റ്റർ ചെയ്യുന്നവർക്ക് ഇൻഷുറൻസ് പാക്കേജ് നടപ്പാക്കും. ഇതിനായി അഞ്ചു കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

എല്ലാ വിദേശ മലയാളികളേയും ഇൻഷുറൻസ് പാക്കേജിൽ രജിസ്റ്റർ ചെയ്യിക്കാനാണു ലക്ഷ്യമിടുന്നത്. വിദേശ മലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിനായി ലോക കേരളസഭ രൂപീകരിക്കും. ജനസംഖ്യാനുപതാതത്തിൽ അതതു രാജ്യങ്ങളുടെ പ്രതിനിധികളും എംഎൽഎമാരും സഭയിൽ അംഗങ്ങളായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുക്കത്തിൽ കേരളത്തിലെ വികസനം ഇനി പ്രവാസികളുടെ കയ്യിലായിരിക്കുമെന്ന് അടിവരയിട്ട് പറഞ്ഞിരിക്കുകയാണ് കേരള ബജറ്റ്. തിരിച്ച് പ്രവാസിക്ഷേമത്തിനായുള്ള പദ്ധതികളും സർക്കാർ പ്രതിജ്ഞാബദ്ധമായി നടപ്പാക്കുമെന്നും വ്യക്തമാക്കുന്നുമുണ്ട്.