ലയാളി എഞ്ചിനീയർമാരുടെ ഒരു പ്രധാനപ്പെട്ട കേന്ദ്രമാണ് കുവൈറ്റ്. നിരവധി മലയാളികളാണ് കുവൈറ്റിൽ എഞ്ചിനീയറിങ് മേഖലയിൽ ജോലി ചെയ്യുന്നത്. എന്നാൽ ഇവർക്ക് എല്ലാവർക്കും തന്നെ ജോലി നഷ്ടമാവുകയും നാട്ടിലേക്ക് തിരിച്ചു പോരേണ്ട അവസ്ഥയുമാണ് ഇപ്പോൾ ഇവിടെ നിലനിൽക്കുന്നത്.

കുവൈറ്റിൽ എഞ്ചിനിയർ ആയി ജോലി നോക്കണമെങ്കിൽ കുവൈറ്റ് എഞ്ചിനിയേഴ്‌സ് സൊസൈറ്റിയിൽ നിന്നുമുള്ള നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വേണമെന്ന പബ്ലിക്ക് അഥോറിറ്റി ഫോർ മാൻപവറിന്റെ പുതിയ ഉത്തരവാണ് മലയാളി എഞ്ചിനിയർമാരെ വെട്ടിലാക്കിയിരിക്കുന്നത്. എൻഒസി നൽകാതെ ഒരു എഞ്ചിനീയർമാരുടെയും ഇഖാമ പുതുക്കി നൽകരുതെന്നാണ് ലേബർ ഡിപ്പാർട്ട്‌മെന്റിന് നൽകിയിരിക്കുന്ന നിർദ്ദേശം.

നാട്ടിലെ അക്കാദമിക് യോഗ്യത സംബന്ധിച്ച എൻഒസിയാണ് എഞ്ചിനിയറായി ജോലി നോക്കാൻ ഇവർ കെഇസിയിൽ നിന്ന് വാങ്ങി എടുക്കേണ്ടത്. ദി നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) ഉള്ള സ്ഥാപനത്തിൽ പഠിച്ചവർക്ക് മാത്രം ഇഖാമ പുതുക്കി നൽകിയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. എൻബിഎ അക്രഡിറ്റഡ് സ്ഥാപനങ്ങളുടെ ലിസ്റ്റും ഇവർ പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ കേരളത്തിൽ പ്രവർത്തിക്കുന്ന മിക്ക കോളേജുകൾക്കും എൻബിഎ അക്രഡിറ്റഡ് അല്ല. ഇതാണ് ഇവർക്ക് വിനയായിരിക്കുന്നത്. എഐസിടിഇ, യുജിസി അംഗീകാരമുള്ള സ്ഥാപനങ്ങളാണ് കേരളത്തിലെ മിക്കവയും. ഇതോടെ കേരളത്തിലെ എഞ്ചിനിയർമാർക്ക് വൻ തിരിച്ചടിയയാരിക്കുകയാണ്.

കേരളത്തിലെ 80 എഞ്ചിനീയറിങ് കോളേജുകളിൽ 18 എണ്ണം മാത്രമാണ് അവർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെ കോളേജുകളും ഇതിനേ പറ്റി ബോധവാന്മാരല്ല. കുവൈറ്റിലുള്ള 80 ശതമാനം എഞ്ചിനിയർ വിസക്കാരും എൻബിഎ അക്രഡിറ്റഡ് കോളേജുകളിൽ പഠിച്ചവരല്ല. അതുകൊണ്ട് തന്നെ ഇവർക്ക് കെഎസ്ഇയിൽ നിന്നും ഒരു കാരണവശാലും എൻഒസി ലഭിക്കുകയും ഇല്ല. ഇത് ലഭിക്കാതെ ഇക്കാമ പുതുക്കാനും സാധ്യമല്ല.

മിക്കവരും കുടുംബവുമായി കുവൈറ്റിൽ സെറ്റിൽ ചെയ്തവരാണ്. കുട്ടികളും ഇവിടുത്തെ സ്‌കൂളിൽ പഠിക്കുന്നവരുമാണ്. ഇക്കാമ പുതുക്കാൻ സാധിക്കാതെ വന്നാൽ നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരികയും കുട്ടികളുടെ പഠനത്തെ ഉൾപ്പെടെ ബാധിക്കുകയും ചെയ്‌തേക്കും. ഇന്ത്യൻ എംബസിയും ഇതുവരെ ഈ വഷയത്തിൽ ഇടപെട്ടിട്ടില്ല. മലയാളികളെ മാത്രമല്ല ഇന്ത്യക്കാരെ മൊത്തത്തിൽ ബാധിക്കുന്ന നിയമമാണിത്.