ദമ്മാം:യാത്രാരേഖകളുമായി അടിയന്തര ചികിൽസയ്ക്ക് നാട്ടിൽ പോകുന്നതിനു എത്തിയ രോഗിക്ക് ജെറ്റ് എയർ വൈമാനികൻ യാത്ര നിഷേധിച്ചു. നാരിയയിൽ ട്രക്ക് ഡ്രൈവറായ തൃശൂർ മാള കോട്ടമുറി കാവുങ്കൽ ജോസിനാണ് (59) വൈമാനികന്റെ നടപടി കാരണം ബുദ്ധിമുട്ടുണ്ടായത്. അടുത്ത ദിവസം കോഴിക്കോട് വിമാനത്തിൽ എത്തിയ ജോസിനെ ബന്ധുക്കൾ ആംബുലൻസിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

ജോസ് അപകടനില തരണം ചെയ്തതായി ബന്ധുക്കൾ പറയുന്നു.രണ്ടാഴ്ച മുമ്പ് ജോലിക്കിടെ മസ്തിഷ്‌കസംബന്ധമായ അസുഖം മൂലം ജോസ് ബോധരഹിതനായി. അസ്വസ്ഥത അനുഭവപ്പെട്ട ഉടനെ റോഡരികിൽ ട്രക്ക് ഒതുക്കിയിട്ടു. പിറകെ വന്ന വാഹനത്തിലെ ഡ്രൈവറാണ് ട്രക്ക് വഴിയിൽ നിർത്തിയതു കണ്ട് സ്പോൺസർ മുഹമ്മദ് അജ്മരിയുടെ സഹായത്തോടെ ജോസിനെ ദമ്മാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർചികിൽസയ്ക്ക് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ മുഴുവൻ യാത്രാരേഖകളും തയ്യാറാക്കിയാണ് മാർച്ച് 15ന് ദമ്മാം വിമാനത്താവളത്തിലെത്തിയത്. അൽഹസ്സ നവോദയ വനിതാവേദി പ്രവർത്തക ബീന ഭാസ്‌കർ, രാജ്കുമാർ എന്നിവരും കൂടെ യാത്രചെയ്യാനുണ്ടായിരുന്നു. ജെറ്റ് എയർ വിമാനത്തിൽ ബോർഡിങ് നൽകിയതിനു ശേഷമാണ് ജോസിനെ ഇറക്കിവിട്ടത്. എന്നാൽ, കൂടെ യാത്ര ചെയ്യുന്നവരെ ഇറങ്ങാൻ അനുവദിച്ചതുമില്ല.

യാത്രാനടപടികൾ പൂർത്തിയാക്കി ജോസ് വിമാനത്തിൽ കയറിയതിനാൽ വിമാനത്താവളത്തിൽ എത്തിച്ച നവോദയ രക്ഷാധികാരി ഇ എം കബീർ, ഉണ്ണി, മുരളി എന്നിവരും സ്പോൺസറും തിരിച്ചുപോയിരുന്നു. വിമാനത്താവളത്തിൽ നിന്നു സ്പോൺസർക്ക് വിവരം നൽകിയെങ്കിലും അധികൃതരുടെ നിരുത്തരവാദപരമായ നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹം തിരിച്ചുവരാൻ തയ്യാറായില്ല. വിമാനത്താവളത്തിലെ സ്റ്റാഫ് നഴ്സ് മലയാളിയായ ജാൻസിയുടെ സംരക്ഷണത്തിലാണ് ഒരു ദിവസം കഴിഞ്ഞത്.

രോഗിയെ കൊണ്ടുപോകാൻ അടുത്ത ദിവസവും ജെറ്റ് എയർ ഒരുക്കമായിരുന്നില്ലെന്നും സ്പോൺസറുടെയും മറ്റു യാത്രക്കാരുടെയും സമ്മർദത്തിനു വഴങ്ങിയാണ് അധികൃതർ തയ്യാറായതും. മുഴുവൻ യാത്രാരേഖകളും ഉണ്ടായിട്ടും രോഗിയെ വിമാനത്തിൽ നിന്നിറക്കിവിട്ട നടപടി പ്രതിഷേധാർഹമാണെന്നും. രോഗിക്ക് യാത്ര നിഷേധിച്ച വൈമാനികന്റെ നടപടിയിൽ സാമൂഹിക പ്രവർത്തകരും പ്രതിഷേധം രേഖപ്പെടുത്തി.