കൊല്ലം: വൃക്കരോഗിയായ യുവാവിന്റെ ചികിത്സയ്ക്കായി ഒരു നാടു മുഴുവൻ കൈകോർക്കുന്നു. ഇടയ്ക്കാട് സുജിത് ഭവനത്തിൽ സുജിത് (27) എന്ന യുവാവിന്റെ ചികിത്സയ്ക്കായാണ് സുഹൃത്തുക്കളും നാട്ടുകാരും എല്ലാം ഒരേ മനസ്സോടെ സ്‌നേഹസാന്ത്വനവുമായി രംഗത്തിറങ്ങുന്നത്.

ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് കരകയറാൻ ഒരുപാട് സ്വപ്നങ്ങളുമായി വിദേശത്തേക്ക് പോയതായിരുന്നു സുജിത്. സ്വപ്നങ്ങളൊക്കെ നിറവേറ്റാൻ പക്ഷേ വിധി അനുവദിച്ചില്ല. കാഴ്ച കുറവിൽ തുടങ്ങി ഒടുവിൽ വൃക്കരോഗിയായി മാറുകയായിരുന്നു. അമ്മയും ജ്യേഷ്ഠനും അടങ്ങുന്ന കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്നു സുജിത്.

ഇൻസ്ട്രുമെന്റേഷൻ കോഴ്‌സ് കഴിഞ്ഞ് വിദേശത്തേക്ക് ജോലിക്കായി പോയപ്പോൾ കുടുംബത്തിന്റെ പ്രതീക്ഷ മുഴുവൻ സുജിതായിരുന്നു. എന്നാൽ കാഴ്ചയ്ക്ക് ചെറിയ മങ്ങൽ അനുഭവപ്പെടാൻ തുടങ്ങിയതോടെ മൂന്നു മാസം മുൻപ് സുജിത് നാട്ടിലെത്തി.

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കാഴ്ചയ്ക്ക് തകരാർ സംഭവിച്ചത് വൃക്കയുടെ തകരാർ മൂലമാണെന്ന് കണ്ടെത്തിയത്. വിദഗ്ദ്ധ പരിശോധനയിൽ ഒരു വൃക്കയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചതായും മറ്റൊരു വൃക്കയുടെ പ്രവർത്തനം നാലു ശതമാനം മാത്രമേയുള്ളു എന്നും മനസ്സിലായി. വൃക്ക മാറ്റി വയ്ക്കുക എന്ന പ്രതിവിധി മാത്രമേ മുന്നിലുള്ളൂ. സുജിത്തിന്റെ അമ്മ വൃക്ക നൽകാമെന്ന് പറഞ്ഞിട്ടുണ്ട്.

എന്നാൽ മാറ്റി വയ്ക്കണമെങ്കിൽ പതിനഞ്ച് ലക്ഷം രൂപ വേണം. ഉണ്ടായിരുന്ന കിടപ്പാടം പണയത്തിലാക്കി ഇതുവരെ ചികിത്സിച്ചു. മുന്നോട്ട് പോകാൻ കഴിയാതായതോടെയാണ് നാട്ടുകാരും സുഹൃത്തുക്കളും ചികിത്സാ സഹായ നിധി രൂപീകരിച്ചത്. എസ്.എൻ.ഡി.പി യോഗത്തിന്റേയും നാട്ടുകാരുടേയും നേതൃത്വത്തിൽ ചികിത്സാ ധനസഹായത്തിനായി പണം ശേഖരിക്കുന്നുണ്ട്.

തൊടിയൂർ നിസാർ മോട്ടോർസിന്റെ കരുനാഗപ്പള്ളി -പത്തനാപുരം സർവ്വീസ് നടത്തുന്ന ബസ് ഇന്നത്തെ ദിവസം സുജിതിന്റെ ചികിത്സാ ധനസഹായത്തിനായാണ് സർവ്വീസ് നടത്തിയത്. ടിക്കറ്റിന് പകരം ബക്കറ്റ് കണ്ട യാത്രക്കാർ അദ്യമൊന്ന് ശങ്കിച്ചങ്കിലും ബസുകാരുടെ ഉദ്യമത്തിൽ പങ്കാളികളായി. ബക്കറ്റിൽ പത്ത് രൂപ മുതൽ അൻപതും നൂറും അഞ്ഞൂറും വീണു.

സുജിത്തിന് ധനസഹായം നൽകാൻ ആഗ്രഹിക്കുന്നവർക്കായി നാട്ടുകാർ ചികിത്സാ നിധി രൂപീകരിച്ചു. താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാവുന്നതാണ്.

സുജിത് ചികിത്സാ ധന സഹായം , ഇടയ്ക്കാട്
Federal Bank
Kadampanad
Account Number - 20400100037066
IFSC Code - FDRL0002040