ദുബായ്:കണിക്കൊന്നകൾ പൂത്തുലഞ്ഞ് സ്വർണ്ണവർണ്ണമായ കേരളക്കരയിലെ വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾ കടൽ കടന്ന് മലയാളികൾ ഏറെയുള്ള ഗൾഫ് നാടുകളിലും എത്തി. കേരളത്തിൽ ചൂടു കൊണ്ട് ജനങ്ങൾ നെട്ടോട്ടമോടുമ്പൾ യു.എ.ഇയിൽ വിഷു ഒരുക്കുന്ന ഓട്ടത്തിലാണ് ഗൾഫ് മലയാളികൾ.

ഗൃഹാതുര സ്മരണകൾ ഉണർത്തിക്കൊണ്ട് പടികടന്നെത്തുന്ന വിഷുവിനെ ഹൃദയപൂർവ്വം വരവേൽക്കാൻ പ്രവാസിലോകം അണിഞ്ഞൊരുങ്ങി കഴിഞ്ഞു. വിഷു ഇക്കൊല്ലം വെള്ളിയാഴ്ച ദിനത്തിൽ വന്നണയുന്നത് പ്രവാസികളുടെ വിഷു ആഘോഷത്തിന് മാറ്റ് കൂട്ടും. പതിവ് പോലെ ഇത്തവണയും കണികാണാനും ഉണ്ണാനും ഉടുക്കാനുമുള്ള എല്ലാ സാമഗ്രികളും കേരളത്തിൽ നിന്നെത്തി.

കച്ചവട കേന്ദ്രങ്ങളിൽ വിഷു ഒരുക്കങ്ങൾക്കുള്ള വസ്തുക്കൾ വാങ്ങാനായി മലയാളികളുടെ തിരക്ക് തുടങ്ങി. കണിക്ക് ആവശ്യമായ ഓട്ടുരുളി, അരി, നെല്ല്, മുണ്ട്, പൊന്ന്, ഇടിച്ചക്ക, മുല്ലപ്പൂ , വാൽകണ്ണാടി, കണി വെള്ളരി, നിലവിളക്ക്, നാളികേരം, ശ്രികൃഷ്ണ വിഗ്രഹം, ചക്ക, മാങ്ങ എന്നിവയെല്ലാം വിപണികളിൽ നിറഞ്ഞിട്ടുണ്ട്. വിഷുദിനത്തോടനുബന്ധിച്ച് ബർദുബൈയിലെ ശിവ, ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ദർശനത്തിന് എത്തുന്നവർക്കായി ഇത്തവണ കൂടുതൽ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇവിടെയുള്ള പൂക്കടകളിൽ കൊന്നപൂക്കൾ സുലഭമായി ലഭിക്കും. നാട്ടിൽ മരത്തിൽ നിന്നും പറിക്കുന്ന പോലെ അത്ര സുഖമല്ല ഇവിടെ നിന്നും വാങ്ങുമ്പോൾ. വില കുറച്ച് കടുക്കുമെന്ന് മാത്രം.

യു.എ.ഇയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി ചന്തയായ അൽ അവീർ ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾ മാർക്കറ്റിലും മറ്റും വിഷു ആഘോഷത്തിനുള്ള കായ്കനികൾ എത്തിച്ചേർന്നു. നാട്ടിൽ കിട്ടുന്നതിനേക്കാൾ ഫ്രഷായി എല്ലാ വിഷു ഒരുക്കങ്ങൾക്കുള്ള സാധനങ്ങളും ഇവിടെ സുലഭമാണെന്ന് പഴം-പച്ചക്കറി മൊത്ത വിതരണ സ്ഥാപനമായ വെൽവർത്ത് ഫുഡ് സ്റ്റഫ് ട്രേഡിങ്ങ് ഉടമകളായ ഗീതനും സുരേഷും പറയുന്നു. ഇക്കൊല്ലം 500 ടണ്ണിലധികം വിഷു സ്പഷ്യൽ സാധനങ്ങളാണ് അൽ അവീർ മാർക്കറ്റിൽ മാത്രം ഇറക്കുമതി ചെയ്തിരിക്കുന്നത്.

വിഷുവിന് ദിവസങ്ങൾക്ക് മുൻപ് എത്തിയ കണിക്കൊന്നയും മുല്ലപ്പൂവും ഉൾപ്പെടെയുള്ള പൂക്കൾ കേടുകൂടാതെ ഇരിക്കാൻ പ്രത്യേക കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നുമാണ് യു എ യിലെ വിവിധ സ്ഥലങ്ങളിലേക്ക് പഴം പച്ചക്കറി സാധനങ്ങൾ കൊണ്ടു പോകുന്നത്. വിഷുക്കണിയുടേയും കൈനീട്ടത്തിന്റെ മുഖ്യ ഭാഗമായ വെറ്റിലയ്ക്കും അടയ്ക്കും വിലക്കുള്ളതിനാൽ അവ ഇവിടെ ലഭ്യമല്ല. വിഷു സദ്യയ്ക്കുള്ള വാഴ ഇലയുടെ സ്റ്റോക്ക് വിഷുവിന് ദിവസങ്ങൾക്ക് മുൻപ് തന്നെ തീരാറായി. 35 ദിർഹം മുതൽ വിലയാണ് വാഴയിലയ്ക്ക്. കേരളത്തിലെ പ്രമുഖ എക്‌സ്‌പോർട്ടേഴ്‌സായ മായി ഇൻഡസ്ട്രീസാണ് ഇവയൊക്കെ യു.എ.ഇയിലേക്ക് കയറ്റി അയക്കുന്നത്.

വിഷു ദിനത്തിന്റെ ഗ്രാമീണ രുചിയോർമയായ 'വിഷുക്കട്ട' ഒരുക്കാനുള്ള ചേരുവകളും മാർക്കറ്റുകളിൽ സുലഭമാണ്. നാളികേരപ്പാലിൽ പച്ചനെല്ല് കുത്തിയ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് 'വിഷുക്കട്ട' ഉണ്ടാക്കുന്നത്. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ കൂട്ടിയാണ് വിഷുസദ്യ കഴിക്കുക. കുടുംബത്തിലെ കാരണവർ ചക്ക വെട്ടുന്നതോടെയാണ് വിഷുവിന്റെ വരവറിയുന്നതെന്ന പഴമൊഴി ശരിവെക്കും വിധം ഇക്കുറി ചക്കയും ഇഷ്ടം പോലെ യു.എ.ഇയിൽ എത്തിയിട്ടുണ്ട്. മുറിച്ചെടുത്ത ചക്കക്ക് 10 ദിർഹം മുതലാണ് വില. കേരളത്തിലെ ആഘോഷങ്ങളെക്കാൾ കെങ്കേമമായാണ് പ്രവാസികൾ യു.എ.ഇയിൽ വിഷു കൊണ്ടാടുന്നത്. പച്ചപ്പിന്റെ ഹരിതാഭമില്ലെങ്കിലും കേരളത്തെ വെല്ലുന്ന ആഘോഷമാണ് ഇവിടെ.