- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സഹോദരാ മരിക്കുവാൻ പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ..; ഞാൻ വരുമായിരുന്നില്ലേ നിന്റെയടുത്തേക്ക്; പരിഹരിക്കാൻ കഴിയാത്ത എന്ത് പ്രശ്നങ്ങളാണ് ഈ ദുനിയാവിലുള്ളത്'; പ്രവാസിയുടെ ആത്മഹത്യയിൽ വേദന പങ്കുവച്ച് ഒരു ഫേസ്‌ബുക്ക് പോസ്റ്റ്
ഷാർജ: മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പ്രവാസിയായ മലയാളി യുവാവ് ആത്മഹത്യ ചെയ്തതിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമകൾ പങ്കുവച്ച് സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കൂടെ താമസിക്കുന്ന ഒരാൾ മരണപ്പെട്ടു, എന്ന് നാട്ടിലെത്തിക്കുവാൻ സാധിക്കുമെന്നു ചോദിച്ചായിരുന്നു തനിക്ക് ഫോൺകോൾ വന്നതെന്നും പിന്നീട് അതേ വ്യക്തി ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞപ്പോൾ ഉണ്ടായ ഹൃദയം നുറുങ്ങുന്ന വേദനയുമാണ് ഫേസ്‌ബുക്കിലൂടെ അദ്ദേഹം പങ്കുവച്ചത്.
ഒട്ടനവധി പ്രവാസികളാണ് ഗൾഫിൽ കോവിഡ് ബാധിച്ചും അല്ലാതെയും മരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. ആത്മഹത്യക്ക് മുന്നിൽ പണക്കാരനെന്നും പാവപ്പെട്ടവനെന്നുമില്ല. മനസ്സ് തളരുമ്പോൾ, ഒരാൾ തുണയില്ലെന്ന് കാണുമ്പോൾ ആത്മഹത്യയിലേക്ക് എത്തിപ്പെടുകയാണ് പലരും. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഓർമപ്പെടുത്തുന്നതാണ് അഷ്റഫ് താമരശ്ശേരിയുടെ പോസ്റ്റ്.
ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
'ഇന്ന് വ്യാഴാഴ്ചയായതുകൊണ്ട് വല്ലാത്ത തിരക്കായിരുന്നു. ഒന്ന് ട്രാഫിക്.. തിരക്കിൽപ്പെട്ടാലോ, എവിടെയെങ്കിലും കുറച്ച് സമയം നഷ്ടപ്പെട്ടാലോ, ഇന്ന് നാട്ടിലേക്ക് അയക്കേണ്ട മയ്യത്തുകൾ ഞായറാഴ്ചയിലേക്ക് മാറ്റപ്പെടും, അതിനാൽ ഓട്ടത്തിന് പുറകെ ഓട്ടം ആയിരുന്നു. ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. ഇതിനിടയിൽ എപ്പോഴോ ഒരു ഫോൺ കോൾ എനിക്ക് വന്നിരുന്നു. ഷാർജയിലെ ഒരു സന്തോഷിന്റെ ഫോൺ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ള ഒരാളുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. കൂടെ താമസിക്കുന്ന ഒരാൾ മരണപ്പെട്ടു, എന്ന് നാട്ടിലെത്തിക്കുവാൻ സാധിക്കും. ഞാൻ സന്തോഷിനോട് ചോദിച്ചു, അയാൾ എങ്ങനെയാണ് മരണപ്പെട്ടത് എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അയാൾ പറഞ്ഞു. തൂങ്ങിയാണ് മരിച്ചത്,എന്നാൽ ഞായറാഴ്ച വൈകുന്നേരമാകും നാട്ടിലേക്ക് അയക്കാൻ എന്ന് ഞാൻ മറുപടി നൽകുകയും.. ചെയ്തു.
കമ്പനിയിലെ PRO അഷ്റഫിക്കായെ വിളിക്കു..ഞായറാഴ്ച തന്നെ അയാളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അയാൾ ഫോൺ വെക്കുകയും ചെയ്തു.
ഏകദേശം രാവിലെ പത്ത് മണിയാകും സന്തോഷിന്റെ ഫോൺ എനിക്ക് വന്നത്.ഉച്ചക്ക് 2 മണി കഴിഞ്ഞ് ഷാർജയിൽ നിന്നും
സന്തോഷ് പറഞ്ഞത് പ്രകാരം ഒരാൾ വിളിച്ചു. ഇവിടെ ഒരു മലയാളി തൂങ്ങിമരിച്ചു,എന്താണ് ഞങ്ങൾ ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം. വിളിച്ചയാളിനോട് എനിക്ക് വല്ലാത്ത ദേഷ്യവും,അമർഷവും തോന്നി,രാവിലെ മരണപ്പെട്ടിട്ട് ഇപ്പോഴാണോ എന്ത് ചെയ്യണമെന്ന് എന്നോട് ചോദിക്കുന്നതെന്ന് അല്പം നീരസത്തോടെ തന്നെ ഞാൻ ആ കമ്പനിയുടെ PRO യോട് ചോദിച്ചു.
രാവിലെയല്ല,മരിച്ചിട്ട് കുറച്ച് സമയം ആയിട്ടേയുള്ളു. എന്ന് അയാൾ മറുപടി നൽകിയപ്പോൾ,ഞാൻ വീണ്ടും ചോദിച്ചു.
നിങ്ങളുടെ കമ്പനിയിലെ സന്തോഷ് രാവിലെ എന്നെ വിളിച്ചിരുന്നു,അത് പറഞ്ഞ് തീരുന്നതിന് മുമ്പെ ആ PRO പറഞ്ഞു,
അഷ്റഫിക്കാ തൂങ്ങി മരിച്ചത് കായംകുളം സ്വദേശി സന്തോഷാണ്.
അത് കേട്ടപ്പോൾ തന്നെ വിശ്വാസം വരാതെ ഒന്ന് കൂടി ഞാൻ അയാളോട് ചോദിച്ച് ഉറപ്പ് വരുത്തി.
മരിച്ചത് സന്താേഷ് തന്നെയാണ്.
സഹോദരാ മരിക്കുവാൻ പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ..
ഞാൻ വരുമായിരുന്നില്ലേ നിന്റെയടുത്തേക്ക്.പരിഹരിക്കാൻ കഴിയാത്ത എന്ത് പ്രശ്നങ്ങളാണ് ഈ ദുനിയാവിലുള്ളത്. എന്തിനായിരുന്നു എന്നെ വിളിച്ച്.. അങ്ങനെ പറഞ്ഞത്, എന്തായിരുന്നു നിന്റെ പ്രശ്നം, അത് എന്നാേട് പറയാമായിരുന്നില്ലേ.....
ന്യൂസ് ഡെസ്ക്