മസ്‌ക്കറ്റ്: ഒമാൻ വിട്ട് സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾ വളർത്തു മൃഗങ്ങളെ ഇവിടെ തന്നെ ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. വളർത്തുമൃഗങ്ങളെ കൂടെക്കൊണ്ടുപോകുന്നത് ഏറെ സാമ്പത്തിക ബാധ്യത വരുത്തുന്നതുകൊണ്ടാണ് ഇവിടെ തന്നെ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ മടങ്ങുന്നത്. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന വളർത്തു മൃഗങ്ങൾ തെരുവിൽ അലഞ്ഞുനടക്കുന്നതായും ഭക്ഷണം കിട്ടാതെ ചിലത് ചത്തുപോകുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.

വളർത്തു മൃഗങ്ങളെ കൂടെ നാട്ടിലേക്ക് കൊണ്ടുപോകുകയെന്നത് ഏറെ ചെലവേറിയ കാര്യമായിത്തീർന്നിരിക്കുകയാണിപ്പോൾ. ഒമാനിൽ നിന്ന് വിമാനമാർഗം വളർത്തു മൃഗങ്ങളെ കടത്തുന്നതിന് നൂറുകണക്കിന് റിയാലാണ് വേണ്ടി വരുക. ഈ അധിക ചെലവ് ഓർത്ത് മിക്കവരും വളർത്തു മൃഗങ്ങളെ ഒമാനിൽ ഉപേക്ഷിക്കുന്ന പ്രവണത ഏറി വരികയാണെന്ന് റെസ്‌ക്യൂ വർക്കേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു.

രാജ്യം വിട്ട് സ്വദേശത്തേക്ക് പോകുന്നവർ തങ്ങളുടെ വസ്തു വകകളെക്കാൾ കൂടുതൽ പ്രാധാന്യം വളർത്തു മൃഗങ്ങൾക്കു നൽകുന്നില്ലെന്ന് അൽ ഖുറം വെറ്ററിനറി ക്ലിനിക്കിലെ ഡോക്ടർ എൽക് ഹെയ്റ്റ്‌സ് വിലയിരുത്തുന്നു. രാജ്യം വിട്ട് പോകുന്ന പ്രവാസികളിൽ ചിലർ ഇവയെ സുഹൃത്തുക്കളെ ഏൽപ്പിക്കാറുണ്ടെങ്കിലും ഇവരും പിന്നീട് ഇവയെ ഉപേക്ഷിക്കുകയാണ് പതിവ്. പല തവണ ഉപേക്ഷിക്കപ്പെടുന്ന ഇത്തരം വളർത്തു മൃഗങ്ങളെ അവസാനം റെസ്‌ക്യൂ വർക്കർമാർ തന്നെ പിടിച്ചുകൊണ്ടു പോകുന്ന കാഴ്ചയും ഇപ്പോൾ പതിവായി മാറിയിട്ടുണ്ട്.