കണ്ണൂർ: സിപിഎം. നിയന്ത്രണത്തിലുള്ള കേരളാ പ്രവാസി സംഘത്തിനകത്തെ ക്രമക്കേടിന്റെ പങ്ക് ബിജെപി. നേതാവിന് ലഭിക്കുന്നതായി ആരോപണം. പ്രവാസികളുടെ ക്ഷേമനിധി തുക ഓഫീസിലടയ്ക്കാതെ തട്ടിപ്പ് നടത്തിയ പ്രവാസി സംഘം തളിപ്പറമ്പിലെ ഓഫീസിലാണ് ഇത്തരമൊരു സാമ്പത്തിക തിരിമറി നടന്നത്. ക്ഷേമനിധിയിൽ പേർ രജിസ്റ്റർ ചെയ്യുന്നതിന് പ്രവാസി സംഘം ഈടാക്കുന്നത് 400 രൂപയാണ്. രജിസ്ട്രേഷന് വേണ്ടത് 215 രൂപയും. ഈ തുക കഴിച്ച് അധികം ലഭിക്കുന്ന 185 രൂപയിൽ 100 രൂപ ബിജെപി. നേതാവിന്റെ പോക്കറ്റിലെത്തുന്നതായാണ് വിവരം. ശേഷിക്കുന്ന 85 രൂപ സംഘം ഭാരവാഹികൾക്കും നൽകുന്നു. പ്രവാസി സംഘത്തിന്റെ ഓഫീസിന് സമീപം ബിജെപി. നേതാവിനും ഒരു ഓഫീസുണ്ട്.

ഈ ഓഫീസിൽ ജോലി ചെയ്തു വന്നിരുന്ന യുവതിയാണ് 2014 മുതൽ പ്രവാസി സംഘത്തിലെ ജീവനക്കാരിയായി മാറിയത്. ഈ യുവതിയാണ് ക്ഷേമനിധിയിലേക്കുള്ള സംഖ്യ വാങ്ങുന്നത്. അതിൽ നിന്നാണ് താൻ മുമ്പ് ജോലി ചെയ്തിരുന്ന ബിജെപി. നേതാവിന് വിഹിതം പോകുന്നത്. തട്ടിപ്പ് വിവരം പുറത്ത് വന്നതോടെ നിരവധി പ്രവാസികൾ സംഘം ഓഫീസിലെത്തി അന്വേഷണം നടത്തി വരികയാണ്. പരാതി നൽകിയവർക്ക് തുക തിരിച്ച് നൽകി പ്രശ്നം പരിഹരിക്കാനാണ് പ്രവാസി സംഘം ഭാരവാഹികൾ ശ്രമിക്കുന്നത്. കബളിപ്പിക്കലിന് ഇരയായ ഒരാൾ ഓഫീസിലെത്തി ബഹളം വെക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പരാതിക്കാര്യം പുറത്തായ ഉടൻ പ്രവാസി സംഘം ഭാരവാഹികൾ അനുരഞ്ജനം നടത്തുകയും പണം തിരികെ നൽകി പ്രശ്നം പരിഹരിക്കുകയും ചെയ്തു.

ആരോപണവിധേയനായ പ്രവാസി സംഘം നേതാവ് രണ്ട് ലക്ഷത്തോളം രൂപ ജില്ലാ നേതൃത്വത്തെ ഏൽപ്പിച്ചെന്നാണ് വിവരം. എന്നാൽ ഇതുകൊണ്ടൊന്നും പ്രശ്നം തീരാനിടയില്ല. പ്രവാസി ക്ഷേമനിധിയിലേക്കുള്ള തുക സ്വീകരിച്ച് ഓഫീസിൽ നിന്നും നൽകുന്ന രസീത് വ്യാജ സീൽവെച്ചതാണെന്ന് ഭാരവാഹികൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ വസ്തുനിഷ്ടമായ അന്വേഷണത്തിന് പൊലീസ് ഇതുവരെ ഒരുങ്ങിയിട്ടില്ല. ആരെങ്കിലും പരാതിയുമായി വന്നാൽ തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നും വ്യാജ രസീത് നൽകി മറ്റാരോ കബളിപ്പിച്ചതാണെന്നും പ്രചരിപ്പിക്കുന്നുണ്ട്. അതേ സമയം പ്രവാസികളുടെ മറ്റാനുകൂല്യങ്ങളും തട്ടിയെടുത്തായി ആരോപണമുയർന്നിട്ടുണ്ട്. ചികിത്സാ സഹായധനവും മരണാനന്തര സഹായ ധനവുമൊക്കെ അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് നൽകിയില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ വഞ്ചിക്കപ്പെട്ട കൂടുതൽ പ്രവാസികൾ പ്രതിഷേധവുമായി ഓഫീസിലെത്തുമെന്നാണ് വിവരം.