ദോഹ : ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിന്റെ മുന്നിൽ 73.41 ആയി താഴ്ന്ന അവസരത്തിൽ നാട്ടിലേക്ക് പണമയയ്ക്കാനുള്ള തിരക്കിലാണ് പ്രവാസികൾ. ഖത്തർ റിയാലിന്റെ വിനിമയ നിരക്ക് 20 കടന്നതോടെ ധൃതി പിടിച്ച് പ്രവാസികൾ പണമയയ്ക്കുകയാണ്. ഒരു റിയാലിന് ഇന്നലെ 20.15 രൂപയായിരുന്നു മൂല്യം.

മാസത്തിന്റെ തുടക്കമായതിനാൽ പ്രവാസികൾക്ക് ശമ്പളം ലഭിക്കുന്ന സമയവുമാണ്. അതിനാൽ തന്നെ വിനിമയ നിരക്കിൽ ഉണ്ടായ ഈ വർധന പ്രവാസികൾക്ക് ഏറെ ഉപകാരമാകുമെന്നാണ് പ്രതീക്ഷ ഉയരുന്നത്.

വിനിമയ നിരക്ക് ഏറ്റവും ഉയർന്ന ഇന്നലെ രാവിലെ മണി എക്ചേഞ്ചുകളിൽ വൻ തിരക്കായിരുന്നു. ഓൺലൈൻ ബാങ്കിങ് വഴിയും ധാരാളം പേർ നാട്ടിലേയ്ക്ക് പണം അയച്ചു. മണി എക്സ്‌ചേഞ്ച് സ്ഥാപനങ്ങളും ഇത് ശരിവെക്കുന്നു. ഇതിനിടെ, വിനിമയ നിരക്ക് ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ പണം അയയ്ക്കാൻ അൽപ്പം കൂടി കാത്തിരിക്കുന്നവരും ഉണ്ട്.

താഴേയ്ക്ക് ഇടിഞ്ഞ് രൂപ

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഭീതിയിലാഴ്‌ത്തി ഡോളറിനെതിരെ രൂപയുടെ മൂല്യം സർവ്വകാല റെക്കോർഡ് ഇടിവിൽ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി രൂപ ഡോളറിന് 73.34 എന്ന നിരക്കിലെത്തി. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 73.26 ആയിരുന്നു മൂല്യം. ചരിത്രത്തിൽ ആദ്യമായാണ് രൂപയുടെ മൂല്യം 73 കടക്കുന്നത്.

മുൻപ് 72.93 എന്ന തുക വരെ എത്തിയതാണ് രൂപയുടെ റെക്കോർഡ് തകർച്ച. രൂപ മൂല്യത്തകർച്ച നേരിടുന്ന അവസരത്തിൽ മികച്ച പ്രകടനമാണ് ഗൾഫ് കറൻസികൾ കാഴ്‌ച്ച വയ്ക്കുന്നത്. യുഎഇ ദിർഹം നിരക്ക് 20 കടന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ക്രമാതീതമായി ഉയരുന്നതാണ് രൂപയുടെ വില ഗണ്യമായി ഇടിയുന്നതിന് കാരണം