ന്യൂഡൽഹി: പ്രവാസികൾക്ക് എറ്റവും വലിയ ഗൃഹാതുര സ്മരണകളിലൊന്നാണ് നാട്ടിലെ തെരഞ്ഞെടുപ്പുകളും അതിന്റെ ഫലപ്രഖ്യാപനവും ആഘോഷ പരിപാടികളുമെല്ലാം. പ്രവാസികൾക്ക് വോട്ട് ചെയ്യാൻ പറ്റുന്നത് കാത്തുള്ള അവരുടെ ഇരിപ്പിനും വർഷങ്ങളുടെ പഴക്കമുണ്ട്. പ്രവാസികൾക്ക് വോട്ടവകാശം എന്ന യാഥാർഥ്യത്തിലേക്ക് ഇനി അധികകാലത്തെ കാത്തിരിപ്പില്ലെന്ന സൂചനയാണ് കേന്ദ്രം നൽകുന്നത്. 

പ്രവാസി ഇന്ത്യക്കാർക്ക് പ്രോക്സി വോട്ടിങ്ങിനുള്ള (മുക്ത്യാർ വോട്ട്) നിർദ്ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യും.പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ അംഗീകാരമാവുന്നത്. പ്രവാസികൾക്ക് അവർ വോട്ടർപട്ടികയിലുള്ള മണ്ഡലത്തിൽ നേരിട്ട് വോട്ട് ചെയ്യാനാവുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടുചെയ്യാനുള്ള അവസരം നൽകുന്നതാണ് നിർദിഷ്ട ഭേദഗതി.എന്നാൽ സംവധിധാന അവകാശം പകരം ഉപയോഗിക്കുന്നയാൾ താൻ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് തന്നെ വോട്ട് ചെയ്യുമോ എന്നുൾപ്പടെയുള്ള ആശങ്കകൾ ഉൾപ്പടെ ദൂരീകരിച്ച് കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തുക എന്നതാണ് ഇപ്പോൾ കേന്ദ്രത്തിന് മുന്നിലുള്ള വെല്ലുവിളി.

വോട്ടർപട്ടികയിൽ പേരുണ്ടെങ്കിലും ശരാശരി പതിനായിരം മുതൽ പന്ത്രണ്ടായിരംവരെ പ്രവാസികൾമാത്രമേ ഇപ്പോൾ വോട്ടുചെയ്യാൻ നാട്ടിലെത്തുന്നുള്ളൂവെന്നാണ് കണക്ക്. നാട്ടിലെത്താൻവേണ്ട ഭാരിച്ച ചെലവാണ് വോട്ടിങ്ങിനെത്തുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇതിന് മാറ്റമുണ്ടാകും. പല മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിന് സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ നിശ്ചയിക്കപെടുമ്പോൾ പ്രവാസി വോട്ടുകൾ കൂടിയുൾപ്പെടുന്നത് ഗുണകരമാകുമെന്നാണ് മുന്നണികൾ വിലയിരുത്തുന്നത്.

പ്രോക്സി വോട്ട് ചെയ്യാൻ ചുമതലപ്പെടുത്തുന്നയാളും (മുക്ത്യാർ) അതേ മണ്ഡലത്തിൽ വോട്ടുള്ളയാളായിരിക്കണം. മുക്ത്യാറിനെ ചുമതലപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പിന് ആറുമാസംമുമ്പ് റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകണം. ഒരുപ്രാവശ്യം നിയമിക്കുന്ന മുക്ത്യാർക്ക് തുടർന്നുള്ള തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്താം എന്നതാണ് നിയമം.

പ്രവാസി വോട്ടിനെ എതിർത്ത് സി.പി.എം

പ്രവാസികൾക്കായി നാട്ടിൽ പകരക്കാർ വോട്ട് രേഖപ്പെടുത്താമെന്ന നിർദേശത്തെ എതിർത്ത് സി.പി.എം. പ്രവാസികൾക്ക് അതത് രാജ്യത്തെ ഇന്ത്യൻ എംബസികളിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതാണ് പ്രായോഗികമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.പ്രോക്സി വോട്ട് തെറ്റായ കീഴ്‌വഴക്കത്തിനിടയാക്കുമെന്നും യെച്ചൂരി പറഞ്ഞു. പ്രവാസി ഇന്ത്യക്കാർക്ക് പ്രോക്സി വോട്ടിങിനുള്ള നിർദ്ദേശം കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനും തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എതിർപ്പുമായി സി.പി.എം രംഗത്തെത്തിയത്.

പ്രവാസി വോട്ടവകാശം ഇപ്പോൾ ഉദ്ദ്യേശിക്കുന്ന രീതിയിൽ നടപ്പാക്കിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യത ഏറെയാണ്. പ്രവാസി വോട്ടിൽ പഴുതുകൾ ഒഴിവാക്കിയുള്ള കുറ് മറ്റ സംവിധാനം നടപ്പാക്കണമെന്നും ഇടത് നേതാക്കൾ ആവശ്യപ്പെടുന്നു. കേലളത്തിലെ പ്രവാസികളിൽ ഭൂരിഭാഗവും മലബാർ ഭാഗത്താണ്. ഇതിൽ തന്നെ വലിയ അളവ് മലപ്പുറത്താണ്. മലബാർ ഭാഗത്ത് ഇടത് ശക്തികേന്ദ്രങ്ങളാണ് കൂടുലും. വിദേശത്ത് നിരവധി പ്രവർത്തകരുള്ള ലീഗ് ഉൾപ്പടെയുള്ള യുഡിഎഫ് മുന്നണിക്ക് ഗുണകരമാകും. നേരിയ ഭൂരിപക്ഷത്തിൽ നഷ്ടമാകുന്ന പല മണ്ഡലങ്ങളും പ്രവാസി വോട്ട് നടപ്പിലാക്കുന്നതോടെ നിർണ്ണായകമാകും.