മനാമ : പ്രായമായ പ്രവാസികളെ ഒഴിവാക്കാൻ ബഹ്‌റിൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി 50 വയസ് കഴിഞ്ഞവരുടെ തൊഴിൽ പെർമിറ്റ് റദ്ധാക്കി, ഇവരെ ബഹ്‌റിനിൽ നിന്നും പറഞ്ഞയയ്ക്കാനാണ് നീക്കം.പ്രവാസി തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. എംപി. ജലാൽ കാധേം അൽ മഹ്ഫൂധിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ എംപിമാർ ചേർന്നാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ട്‌വച്ചിരിക്കുന്നത്.

പ്രായപരിധി കഴിഞ്ഞ പ്രവാസികളെ ഒഴിവാക്കുകയും, 50 വയസിൽ താഴെ വരുന്ന നല്ല ആരോഗ്യസ്ഥിതിയിലുള്ളതും, അണുബാധ മൂലമുള്ള അസുഖങ്ങൾ ഇല്ലാത്തവരെയും രാജ്യത്ത് നിലനിർത്തുകയും വഴി ബഹ്‌റിനിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ പ്രവർത്തനവും, കാര്യക്ഷമതയും വര്ദ്ധിപ്പിക്കാൻ കഴിയുമെന്നാണ് എംപിമാർ പറയുന്നത്. മാത്രമല്ല പ്രായമായവരെ താമസിപ്പിക്കുന്നത് വഴി രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും ഇതിലൂടെ കുറയ്ക്കാൻ സാധിക്കും.

ഏതെങ്കിലും തരത്തിലുള്ള അണുബാധ കണ്ടെത്തുന്നവരെ, അവരുടെ തൊഴിൽ പെർമിറ്റ് കാലാവധി അവസാനിച്ചില്ലെങ്കിൽ കൂടി എത്രയും വേഗം രാജ്യത്ത് നിന്നും പറഞ്ഞയയ്ക്കണ മെന്നും എംപി.മാർ അഭിപ്രായപ്പെട്ടു.

തൊഴിൽപരമായ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുള്ള 2006ലെ 19  നിയമം ഭേദഗതി ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു.നിർദ്ദേശം ബഹ്‌റിൻ കൗൺസിൽ ഓഫ് റെപ്രസെന്റേറ്റിവ്‌സ് പഠിച്ചതിനു ശേഷം തീരുമാനമെടുക്കും.