അബുദാബി: ട്രാഫിക് ഫൈനുകൾ അടയ്ക്കാതെ രാജ്യം വിടാമെന്ന് കരുതുന്ന വിദേശികൾക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ട്രാഫിക് പിഴകൾ അടയ്ക്കാതെ പ്രവാസികൾ രാജ്യം വിടുന്നത് തടയാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുള്ളതായി അബുദാബി പൊലീസ് വ്യക്തമാക്കി. പിഴകൾ അടയ്ക്കാനുള്ള പ്രവാസികളുടെ വിവരങ്ങൾ ലോക്കൽ ഡിപ്പാർട്ട്‌മെന്റുകളിലും ഇമിഗ്രേഷൻ, എയർപോർട്ട് അധികൃതരേയും അറിയിക്കുമെന്നും പിഴ അടയ്ക്കാതെ യുഎഇ വിട്ടുപോകുന്നതിൽ നിന്നും ഇവരെ തടയുമെന്നും പൊലീസ് വ്യക്തമാക്കി.

റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ് അബുദാബി പൊലീസ്. ഫൈനുകൾക്ക് 50 ശതമാനം ഇളവ് എന്ന നയം രണ്ടു മാസത്തിനകം എടുത്തുകളയുമെന്നും അധികൃതർ വ്യക്തമാക്കി. പ്രത്യേകിച്ച് ഓവർ സ്പീഡിന് പിഴ ഈടാക്കിയിട്ടുള്ളവർക്ക്. ഗതാഗത നിയമലംഘനം നടത്തിയിട്ടുള്ളവർ മുഴുവൻ തുകയും അടയ്‌ക്കേണ്ടി വരുമെന്നും ഗുരുതരലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുന്ന തരത്തിലാണ് പുതിയ നിയമനിർമ്മാണം നടക്കുന്നതെന്നും പൊലീസ് വെളിപ്പെടുത്തി.

ഓവർസ്പീഡും ഗതാഗത ലംഘനങ്ങളും തടയുന്നതിന് കൂടുതൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്താനും സ്പീഡ് ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. എമിറേറ്റിലെ എല്ലാ റോഡുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.