അടുത്ത അധ്യയന വർഷം മുതൽ കുവൈറ്റിലെ വിദേശി ഡോക്ടർമാരുടെ മക്കൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ പ്രേവശനം ഉറപ്പ്. കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന വിദേശി ഡോക്ടർമാരുടെ മക്കൾക്കാണ് അടുത്ത അധ്യയന വർഷം മുതൽ പൊതു വിദ്യാലയങ്ങളിൽ പ്രവേശം അനുവദിക്കുക.

അഞ്ചു വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവരുടെ മക്കളെയാണ് ഇതിനായി പരിഗണിക്കുക. ഒരു സ്‌കൂളിൽ 250 പേർ എന്ന തോതിൽ സർക്കാർ വിദ്യാലയങ്ങളിൽ വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കാനാണ് തീരുമാനം.

പൊതു വിദ്യാഭ്യാസ ചട്ട പ്രകാരം വിദേശികളായ വിദ്യാർതികൾക്കു സർക്കാർ സ്‌കൂളുകളിൽ പ്രവേശം നല്കാനാവില്ലെന്നു പറഞ്ഞു ആദ്യം എതിർത്തിരുന്നെങ്കിലും മന്ത്രിസഭയിൽ നടന്ന നിരന്തര ചർച്ചകൾക്കൊടുവിൽ വിദ്യാഭ്യാസമന്ത്രാലയം നിലപാടിൽ അയവു വരുത്തുക യായിരുന്നു. ഇരു മന്ത്രാലയങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ഒരു സ്‌കൂളിൽ 250 വിദ്യാർത്ഥികൾ എന്ന തോതിൽ രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ വിദേശി ഡോക്റ്റർമാരുടെ മക്കൾക്ക് പ്രവേശനം അനുവദിക്കാനാണ് പദ്ധതി. സർക്കാർ ആശുപത്രികളിലോ ക്ലിനിക്കുകളിലോ കുറഞ്ഞത് അഞ്ചു വർഷത്തെ സേവനകാലം പൂർത്തിയാക്കിയ ഡോക്ടർമാർക്ക് മാത്രമാണ് മക്കളുടെ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുക.

കൂടാതെ വിദ്യാർത്ഥി 2013-2014 അധ്യയന വർഷത്തിൽ മികച്ച പഠന നിലവാരം കാഴ്ച വച്ചിരിരിക്കണം. പ്രായം 18 ൽ താഴെ ആയിരിക്കണം തുടങ്ങിയവയും പ്രവേശനനാനുമതിക്കുള്ള മാനദണ്ഡങ്ങളാണ്. ഏതു സ്‌കൂളിലാണ് പ്രവേശനം നൽകേണ്ടത് എന്നകാര്യത്തിൽ അന്തിമ തീരുമാനം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെതാകും. അടുത്ത അധ്യയന വർഷം മുതൽ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രവേശനത്തിന് പരിഗണിക്കേണ്ട ഡോക്റ്റർമാരുടെ കുട്ടികളെക്കുറിച്ചും അവർ പഠിക്കുന്ന സ്ഥാപനങ്ങളെ ക്കുറിച്ചുമുള്ള വിവര ശേഖരിച്ച് വരുകയാണ്.