മസ്‌കത്ത്: കുറ്റകൃത്യങ്ങൾക്കുള്ള പിഴ സംഖ്യ അടക്കം ഒമാനിലെ വിവിധ സേവന നിരക്കുകളിൽ വൻ വർദ്ധനവ്. ആയുധങ്ങൾ കൈവശംവെക്കുന്നതടക്കമുള്ള വിവിധ കുറ്റകൃത്യങ്ങൾക്കുള്ള പിഴസംഖ്യയാണ് വർധിപ്പിച്ചത്.കുറ്റകൃത്യങ്ങളിൽ പങ്കാളികളല്ലെന്ന് കാണിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന് പ്രവാസികൾ ഇനിമുതൽ 20 റിയാൽ നൽകണം. വിലടയാള പരിശോധനക്ക് പത്ത് റിയാൽ ഫീസ് നൽകണം.

സ്വദേശികൾക്കുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, പ്രമാണങ്ങൾ തയാറാക്കൽ, കമ്പനി പ്രതിനിധികൾക്ക് അധികാരപത്രം നൽകൽ എന്നിവക്ക് 10 റിയാൽവീതം ഇനി നൽകണം. കരാറുകാർ, ചരക്കുനീക്കം, സേവനരംഗം തുടങ്ങിയ മേഖലകളിലെ വാർഷിക രജിസ്‌ട്രേഷനും പുതുക്കലിനും 20 റിയാലാകും ഇനി ഫീസെന്ന് പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ഹസൻ ബിൻ മൊഹ്‌സിൻ അൽ ഷറൈഖി അറിയിച്ചു.

എണ്ണവിലയിടിവിനെ തുടർന്നുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ഫീസ് നിരക്കുകൾ വർധിപ്പിച്ചും മറ്റും അധിക വിഭവസമാഹരണം നടത്താൻ ധനകാര്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ഫീസ് വർധനയെന്നാണ് സൂചന.

അനധികൃതമായി തോക്കുകൾ കൈവശംവെക്കുന്നവർക്കുള്ള പിഴയും
വർധിപ്പിച്ചിട്ടുണ്ട്. ആയുധം ഏത് വിഭാഗത്തിലുള്ളതാണെന്ന് അനുസരിച്ച് 40 മുതൽ 100 റിയാൽവരെയാകും പിഴചുമത്തുക. തോക്കിന്റെ ലൈസൻസ് പുതുക്കാത്ത വ്യക്തികൾക്ക് 40 റിയാലും ഷൂട്ടിങ് ക്‌ളബുകൾക്ക് 150 റിയാലും പിഴചുമത്തും. ലൈസൻസില്ലാത്ത 50 ബുള്ളറ്റുവരെ കൈവശംവെക്കുന്നവർക്ക് 60 റിയാലാകും പിഴ. ശബ്ദമില്ലാത്ത തോക്കുകൾ അനുമതിയില്ലാതെ കൈവശം വെക്കുന്നവരിൽനിന്ന് നൂറ് റിയാൽ പിഴ ഈടാക്കും. തോക്ക് മറ്റൊരാൾക്ക് കൈമാറുന്നവരിൽനിന്ന് 50 റിയാലും തോക്കോ വെടിമരുന്നോ
മോഷണംപോവുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടും അറിയിക്കാത്തവരിൽ നിന്ന് 150 റിയാലും ആയുധങ്ങൾക്കും വെടിമരുന്ന് വിൽപനക്കുമുള്ള ലൈസൻസ് പുതുക്കാത്തവരിൽനിന്ന് 200 റിയാലും പിഴചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

മനുഷ്യജീവനും വസ്തുവഹകൾക്കും നാശമുണ്ടാകുമെന്നതിനാൽ പൊതുസ്ഥലങ്ങളിലെ വെടിക്കെട്ടിന് ആർ.ഒ.പി നിരോധമേർപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ ജനവാസമുള്ള തുറന്നസ്ഥലങ്ങളിലെ വെടിക്കെട്ടിനും നിരോധനം ബാധകമാണ്. നിയമം ലംഘിക്കുന്നവരിൽനിന്ന് നൂറ് റിയാൽ പിഴചുമത്തും.