കുവൈറ്റ് സിറ്റി: കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നു യാത്ര തിരിക്കുന്ന വിദേശികളിൽ നിന്ന് ഫീസ് ഈടാക്കണമെന്ന് എംപി അബ്ദുറഹ്മാൻ അൽ ജീരാൻ ആവശ്യപ്പെട്ടു. കുവൈറ്റിലുള്ള വിവിധ വിദേശികളുടെ എണ്ണത്തിൽ സന്തുലിതാവസ്ഥ പാലിക്കണമെന്നും വിദേശികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന വിവിധ പ്രൊജക്ടുകൾ നടപ്പാക്കണമെന്നും അൽ ജീരാൻ വ്യക്തമാക്കി. വിദേശികളുടെ കാര്യത്തിൽ കുറ്റവാസന ഏറെയുള്ളവരേയും നിയമലംഘകരേയും രാജ്യത്തു നിന്ന് നീക്കം ചെയ്യണമെന്നും എംപി ആവശ്യപ്പെട്ടു.

വിദേശികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ സർക്കാരിന് അവകാശം നൽകുന്ന തരത്തിലും അവരുടെ വരുമാനവും അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിലെ സുതാര്യതയും ഉറപ്പുവരുത്തണമെന്നും അൽജീരാൻ നിർദേശിച്ചു. ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച് രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സർക്കാരിന് ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ സാധിക്കുന്ന വിധത്തിൽ നിയമനിർമ്മാണം നടത്തണമെന്നാണ് അൽ ജീരാൻ ആവശ്യപ്പെടുന്നത്.