മനാമ: കുവൈറ്റിൽ സ്വദേശി വിദേശി അനുപാതം നടപ്പിലാക്കുന്നതിന് പിന്നാലെ ബഹ്‌റിനിലും വിദേശികളുടെ എണ്ണം നിജപ്പെടുത്താൻ സാധ്യത. രാജ്യത്ത് വിദേശികളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 50 ശതമാനമായി നിജപ്പെടുത്താണമെന്ന് പാർലമെന്ററി കമ്മിറ്റി ശിപാർശ ചെയ്തതായാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നത്. ഇതോട മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ കടുത്ത ആശങ്കയിലാണ്.

വിദേശികളുടെ എണ്ണം വെട്ടിക്കുറച്ച് സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എണ്ണം കുറയ്ക്കാൻ നിർദ്ദേശം നല്കിയത്. ചൊവ്വാഴ്ച തുടങ്ങുന്ന പാർലമെന്റ് സെഷൻ ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. തീരുമാനം നടപ്പായാൽ മലയാളികളടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയാകുമെന്നാണ് സൂചന.

പാർലമെന്റിന്റെ നാലാമത് ലെജിസ്ലേറ്റീവ് സെഷന്റെ ഉദ്ഘാടന വേളയിൽ ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നടത്തിയ പ്രസംഗത്തിലാണ് രാജ്യത്ത് വിദേശികളുടെ എണ്ണം കുറക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയത്. തുടർന്ന് ഇതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിശ്ചയിച്ചു. വിദേശികളുടെ എണ്ണം 50 ശതമാനമായി നിജപ്പെടുത്തി കടുത്ത നിയമങ്ങൾ കൊണ്ടുവരണമെന്നാണ് സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്. വിദേശികളുടെ എണ്ണം അധികമായാൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്.