ദോഹ: ഗൾഫ് രാജ്യങ്ങൾക്കിടിയിൽ ആദ്യമായി വിദേശികൾക്ക് സ്ഥിരം താമസാനുമതി (പെർമനന്റ് റസിഡൻസി ഐഡന്റിഫിക്കേഷൻ കാർഡ്) നൽകുന്ന കാര്യം പരിഗണനയിൽ. ഖത്തറാണ് ഇത് സംബന്ധിച്ച കരട് രേഖ അടുത്ത മാസം ശൂറാ കൗൺസിലിൽ വെക്കുന്നത്.

ഓഗസ്റ്റ് മാസത്തിൽ സ്ഥിരം റെസിഡൻസി നൽകുന്നത് സംബന്ധിച്ച കരട് രേഖക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു.കരട് രേഖ പ്രകാരം, നിയമത്തിൽ അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്ന വിദേശികൾക്ക് ഖത്തറിൽ സ്ഥിരം താമസാനുമതി അനുവദിക്കും.

രാജ്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വിദേശികൾ, വിദേശിയെ വിവാഹം ചെയ്ത ഖത്തരി സ്ത്രീകളുടെ മക്കൾ, രാജ്യത്തിന്റെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നവർ തുടങ്ങിയവരായിരിക്കും സ്ഥിരം അനുമതിക്ക് അർഹരെന്ന് കരട് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്ഥിരം റെഡിസൻസി കാർഡ് ലഭിക്കുന്നവർക്ക് ഒട്ടനവധി ആനുകൂല്യങ്ങളും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം എന്നിവയിൽ ഖത്തരിക്ക് ലഭിക്കുന്ന തുല്യപരിഗണന ഇവർക്കും ലഭിക്കും. സിവിൽ, സൈനിക ജോലികളിൽ ഖത്തരികൾ കഴിഞ്ഞാൽ ഇവരെയായിരിക്കും പ്രഥമമായി പരിഗണിക്കുക. സ്വന്തമായി സ്വത്തുക്കൾ വാങ്ങുന്നതിനും ബിസിനസുകൾ ആരംഭിക്കുന്നതിനും കരട് നിമയത്തിൽ അനുവാദം ലഭിക്കും.സ്ഥിരം റെസിഡൻസിക്ക് അർഹരായവർക്കുള്ള കാർഡിന് അനുമതി നൽകുക ആഭ്യന്തരമന്ത്രിയായിരിക്കും.