മനാമ: ബഹ്‌റിനിൽ ജീവിക്കുന്ന മലയാളികൾ ഉൾപ്പെട്ട പ്രവാസികളെ കാത്തിരിക്കുന്നത് ദുരിത ദിനങ്ങൾ. വിദേശികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സബ്‌സിഡികൾ ഓരോന്നായി റദ്ദാക്കാൻ സർക്കാർ പദ്ധതിയിടുന്നതാണ് മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് ഇരുട്ടടിയാകുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്‌ച്ച മീറ്റ് സബ്‌സിഡി എടുത്തു കളയുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ വൈദ്യുതി, ജല സബ്‌സിഡികൾ എടുത്തു കളയുമെന്നാണ് പുതിയ വിവരം.

ഗവൺമെന്റ് ചെലവ് ചുരുക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് സബ്‌സിഡികൾ ഓരോന്നായി റദ്ദാക്കാൻ ആലോചിക്കുന്നത്. കഴിഞ്ഞ ആഴ്ച ചേർന്ന കാബിനറ്റ് മീറ്റിംഗിൽ മീറ്റ് സബ്‌സിഡി എടുത്തുകളയാൻ തീരുമാനിച്ചത ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഓഗസ്റ്റ് ഒന്നുമുതലായിരിക്കും മീറ്റ് സബ്‌സിഡി റദ്ദാക്കുക.

വൈദ്യുതി, ജല സബ്‌സിഡികൾക്കായി ഈ വർഷം 325.5 ദശലക്ഷം ബഹ്‌റിൻ ദിനാർ ആണ് ഗവൺമെന്റിന് ചെലവാകും. അടുത്ത വർഷം ഇത് 315.7 ദശലക്ഷം ബഹ്‌റിൻ ദിനാർ ആയിരിക്കുമെന്നും അൽ ഹമ്മദി പറഞ്ഞു. ഇത് ഒഴിവാക്കാനാണ് ശ്രമം. എന്നുമുതലാണ് സബ്‌സിഡി റദ്ദാക്കുക എന്ന കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല. ഫെബ്രുവരിയിൽ പാർലമെന്റിൽ സമർപ്പിച്ച നാലു വർഷത്തെ സാമ്പത്തിക പദ്ധതിയുടെ ഭാഗമായാണ് സബ്‌സിഡി റദ്ദാക്കൽ നടപടികൾ നടത്തുന്നതെന്നും അൽ ഹമ്മദി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.