മനാമ: ശമ്പള കുടിശിക തീർക്കണമെന്നുള്ള കോടതി വിധിയായിട്ട് രണ്ടു വർഷത്തോളമായെങ്കിലും തങ്ങൾ ജോലി ചെയ്ത സ്ഥാപനത്തിന്റെ കരുണയ്ക്കായി കാത്തിരിക്കുകയാണ് രണ്ടു മലയാളികൾ. രാജൻ ജോർജ്, സജി കുമാർ എന്നിവരാണ് തങ്ങൾക്കു ലഭിക്കാനുള്ള ശമ്പളകുടിശികയ്ക്കായി മാസങ്ങളായി കാത്തിരിക്കുന്നത്. കോടതി ഇവർക്ക് അനുകൂല വിധി പ്രസ്താവിച്ചുവെങ്കിലും സ്ഥാപനം ഇനിയും കനിയാത്തത് ഇവർക്ക് വിനയായിരിക്കുകയാണ്.

ഇരുവർക്കും 2011, 2012 വർഷങ്ങളിൽ മാസങ്ങളോളം ലഭിക്കാനുണ്ടായിരുന്ന ശമ്പള കുടിശിക കൊടുത്തു തീർക്കണമെന്ന് മാക്‌സ്വെൽ ഓയിൽ ആൻഡ് ഗ്യാസ് സർവീസ് എന്ന കമ്പനിക്കെതിരേ കോടതി വിധിച്ചിരുന്നു. മാസങ്ങളായി മുടങ്ങിയ വേതനം ലഭിക്കുന്നതിനാണ് രാജൻ ജോർജും സജി കുമാറും കോടതിയെ സമീപിച്ചത്. കൂടാതെ ഏറ്റെടുത്ത കരാറുകൾ കമ്പനി ഏകപക്ഷീയമായി റദ്ദ് ചെയ്തതായും കോടതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

രാജൻ ജോർജ് കമ്പനിയിൽ 2011 ജനുവരി മുതൽ മെക്കാനിക്കൽ എൻജിനീയറായും സജി ഡക്ടിങ് സൂപ്പർ വൈസറായുമാണ് ജോലി ചെയ്തത്. വാർഷിക അവധി ഉൾപ്പെടെ മുടങ്ങിയ ശമ്പളവും മറ്റ് കുടിശികകളുമായി രാജൻ ജോർജിന് 4846 ദിനാറും സജി കുമാറിന് 2156 ദിനാറുമാണ് നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടത്. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള എയർ ടിക്കറ്റും ഇവർക്ക് കമ്പനി നൽകണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ ഈ ആനുകൂല്യങ്ങളൊന്നും നൽകാൻ കമ്പനി ഇതുവരെ തയാറായിട്ടില്ല എന്നതാണ് ഇവരെ നിരാശരാക്കുന്നത്.

തങ്ങൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നാണ് ഇവർ അധികൃതരോട് ആവശ്യപ്പെടുന്നത്. നിലവിൽ ബഹ്‌റിനിൽ തന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്തു വരികയാണ് ഇരുവരും.