റിയാദ്: രാജ്യത്ത് മെഡിക്കൽ ഇൻഷ്വറൻസ് ഇല്ലാതെ കഴിയുന്നത് പത്തു ലക്ഷത്തോളം പ്രവാസികളാണെന്ന് റിപ്പോർട്ട്. സൗദിയിലുള്ള 10.4 മില്യണിലധികം പ്രവാസികളിൽ 7.6 മില്യൺ പ്രവാസികൾക്കാണ് മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളത്. ബാക്കി പത്തു ലക്ഷത്തോളം പ്രവാസികൾ മെഡിക്കൽ ഇൻഷ്വറൻസ് എടുത്തിട്ടില്ല. ഇതിൽ ഗാർഹിക തൊഴിലാളികളാണ് അധികമുള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മെഡിക്കൽ ഇൻഷ്വറൻസ് എടുത്തവർക്ക് അവരുടെ ഇഖാമ കാണിക്കുന്ന പക്ഷം സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്.

അതേസമയം പ്രവാസികളായുള്ളവർ മെഡിക്കൽ ഇൻഷ്വറൻസ് എടുക്കാത്തത് റെസിഡൻസി, ലേബർ നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടുന്നു. കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷ്വറൻസ് (സിസിഎച്ച്‌ഐ) പ്രകാരം തൊഴിൽ ഉടമ തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും മെഡിക്കൽ ഇൻഷ്വറൻസ് നൽകിയിരിക്കണമെന്നാണ്. തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷ്വറൻസ് ഇല്ലാത്ത പക്ഷം ഇഖാമ നൽകുകയോ പുതുക്കി നൽകുകയോ ചെയ്യരുതെന്നാണ് നിയമം.