ആധുനിക സംവിധാനങ്ങളോടെ കാർഷിക വിപണി എല്ലാ പഞ്ചായത്തുകളിലും; റബ്ബർ സബ്സിഡിക്ക് അഞ്ഞൂറ് കോടി; ഭൂപരിഷ്ക്കരണ ലക്ഷ്യങ്ങൾ ബാധിക്കാതെ തോട്ട ഭൂമിയിൽ പുതിയ വിളകൾ പരീക്ഷിക്കും; നെൽകൃഷി താങ്ങു വില കൂട്ടി; അഷ്ടമുടി-വേമ്പനാട് കായൽ ശുചീകരണത്തിന് 20 കോടി; കർഷകർക്കും ബജറ്റിൽ പ്രതീക്ഷകൾ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യത്തെ സമ്പൂർണ്ണ ബജറ്റിൽ കർഷകർക്കും പ്രതീക്ഷകൾ.ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി മോശം വരാത്ത, എന്നാൽ ജനങ്ങൾക്ക് സഹായകമാകുന്ന ബജറ്റാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.നിലവിലെ സാഹചര്യത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ ബജറ്റാണെന്നും പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.വാക്കുകളെ അന്വർത്ഥമാക്കി കർഷകർക്കും പ്രതീക്ഷ നൽകുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ.
നെല്ലിന്റെ താങ്ങുവില വർധിപ്പിച്ചതായി ബാലഗോപാൽ ബജറ്റ് അവതരണത്തിൽ പറഞ്ഞു.ഒപ്പം നെൽകൃഷി വികസനത്തിനായി 76 കോടിയും അനുവദിച്ചിട്ടുണ്ട്.ഇതിനൊപ്പം തന്നെ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നിലവിലെ പദ്ധതികളുടെ തുടർച്ചയും ബജറ്റിൽ ലക്ഷ്യമിടുന്നു. പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 25 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്.റംബൂട്ടാൻ, ലിച്ചി,അവക്കാഡോ, മാംഗോസ്റ്റീൻ കൃഷി വ്യാപിപ്പിക്കുമന്നും ബജറ്റിൽ പ്രഖ്യാപനുമുണ്ട്. മലയോര മേഖലകളിൽ കോൾഡ് സ്റ്റോറേജ് ചെയിൻ സ്ഥാപിക്കാൻ പത്ത് കോടിയും അനുവദിച്ചു.ആധുനിക സംവിധാനങ്ങളോട് കൂടിയ കാർഷിക വിപണി എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കുവാൻ സർക്കാർ ലക്ഷ്യമിടുന്നതായും ബാലഗോപാൽ അറിയിച്ചു.
ഇതിനൊപ്പം കാർഷികമേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വന്യമൃഗ ആക്രമണം.പ്രശ്നത്തിനും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.ജീവഹാനിക്കുള്ള നഷ്ടപരിഹാരം ഉൾപ്പടെ മനുഷ്യവന്യ ജീവി സംഘർഷം തടയാൻ 25 കോടി ബജറ്റിൽ വകയിരുത്തി. വനാതിർത്തിയിലെ ഗ്രാമങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.ഇത്തരം പദ്ധതികൾക്കായി സാമ്പത്തിക സഹായവും അനുവദിച്ചു. ഇതിനൊപ്പം തന്നെ വനംവന്യജീവിവകുപ്പിന് 232 കോടിയും അനുവദിച്ചിട്ടുണ്ട്.റബ്ബർ സബ്സിഡിക്ക് അഞ്ഞൂറ് കോടിയും അനുവദിച്ചു.പൗൾട്രി വികസനത്തിന് ഏഴരക്കോടിയും അനുവദിച്ചതോടെ കർഷകർക്ക് പ്രതീക്ഷ നൽകുന്നതയി ബാലഗോപാലിന്റെ അവതരണം. ഭൂപരിഷ്ക്കരണ ലക്ഷ്യങ്ങൾ ബാധിക്കാതെ തോട്ട ഭൂമിയിൽ പുതിയ വിളകൾ പരീക്ഷിക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം അടുത്തവർഷം മുതൽ പരിസ്ഥിതി ബജറ്റ് എന്നതാണ്. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകി 2023 മുതൽ പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രഖ്യാപനത്തിൽ ബാലഗോപാൽ പറഞ്ഞു.ഇതിന് മുന്നോടിയായി പുഴ സംരക്ഷണത്തിനുൾപ്പടെ ഊന്നൽ നൽകുന്ന നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായി. തീരസംരക്ഷണത്തിന് നൂറ് കോടിയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ശുചിത്വ സാഗരം പദ്ധതിക്ക് 10 കോടി അനുവദിച്ചു.വാമനപുരം നദി ശുചീകരണത്തിന് രണ്ട് കോടിയും, അഷ്ടമുടി,വേമ്പനാട് കായൽ ശുചീകരണത്തിന് 20 കോടി,ശാസ്താംകോട്ട കായൽ ശുചീകരണത്തിന് ഒരു കോടിയും അനുവദിച്ചു.
ഡാമുകളിൽ മണൽവാരലിന് യന്ത്രങ്ങൾ വാങ്ങാനായി പത്ത് കോടി വകയിരുത്തിയപ്പോൾ പരിസ്ഥിതി സൗഹൃദ കെട്ടിട്ടനിർമ്മാണത്തിനും ബന്ദൽ മാർഗങ്ങൾ പഠിക്കാനും മറ്റുമുള്ള ഗവേഷണത്തിന് പത്ത് കോടിയും അനുവദിച്ചു.എസ്.സി -എസ്,ടി സംഘങ്ങളുടെ ആധുനീകരണത്തിന് 14 കോടി വകയിരുത്തി.മലപ്പുറം മൂർക്കനാട്ടെ പാൽപ്പൊടി നിർമ്മാണകേന്ദ്രത്തിന്റെ നിർമ്മാണം ഈ വർഷം തീരുമെന്നും മന്ത്രി അറിയിച്ചു.
മൂല്യവർധിത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്.മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗിന് സിയാൽ മാതൃകയിൽ കമ്പനി യാഥാർത്ഥ്യമാക്കും. അഗ്രി ടെക് ഫെസിലിറ്റി സെന്റർ സ്ഥാപിക്കും ഇതിനായി 175 കോടി വകയിരുത്തി.പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാൻ 100 കോടിയും ബജറ്റിൽ അനുവദിച്ചു.
മറുനാടന് മലയാളി ബ്യൂറോ