(തുടർച്ച............)

രണ്ടാഴ്ചയ്ക്കുശേഷം എന്നെ കാണുവാൻ വന്ന നാലുകുട്ടികളുടെ മാതാവായ ആ വിധവ എന്നോട് മറ്റൊരു കാര്യം കൂടി പറഞ്ഞു.

ഭർത്താവിന്റെ അപകടമരണം അന്വേഷിച്ച് റിപ്പോർട്ട് ചെയ്ത സ്ഥലം എസ്‌ഐ പിന്നീട് ഒരുമാസം കഴിഞ്ഞപ്പോൾ ഭാര്യാ സമേതനായി അവരുടെ വീട് സന്ദർശിക്കുകയും കുറച്ച് സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു. കൂട്ടത്തിൽ തന്റെ ഒരു പെൺകുഞ്ഞിനെ അവർ ദത്തെടുക്കുവാൻ തയ്യാറാണെന്ന് കൂടി പറഞ്ഞിട്ടാണ് മടങ്ങിപ്പോയത്. എസ്‌ഐയ്ക്ക് 2 ആൺകുട്ടികൾ മാത്രമാണുണ്ടായിരുന്നത്. പക്ഷേ, കടുത്ത ദാരിദ്ര്യം അനുഭവിച്ചപ്പോഴും ഒരിക്കൽപോലും അവർ എസ്‌ഐയുടെ ആഗ്രഹത്തിന് അനുകൂലമായ നിലപാട് എടുത്തില്ലായിരുന്നു.

ഒരു ആനുകാലിക പ്രസിദ്ധീകരണത്തിൽ ഇവരുടെ കദനകഥ ഞാൻ എഴുതിയിരുന്നു. അന്ന് ഞാൻ 4 സെന്റ് ഭൂമി 5 ഭാഗമായി എങ്ങനെ ഭാവിയിൽ വീതം വെക്കും എന്ന ആശങ്ക പുലർത്തിയിരുന്നു.

എന്നാൽ വർഷങ്ങൾക്കുശേഷം ഞാൻ ഒരു കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോടതിയിൽ ലീഗൽ സെല്ലിൽ ചെല്ലുമ്പോൾ അതാ അവരുടെ ഇളയമകൾ നിൽക്കുന്നു. മറുവശത്ത് ആ അമ്മ. നാലു മക്കളെ പോറ്റിവളർത്തി നാലുപേരേയും വിവാഹിതരുമാക്കിയപ്പോൾ അമ്മയ്ക്ക് എതിരെ കേസുമായി മകളും മരുമകനും, മകൾക്ക് എതിരെ കേസുമായി നൊന്തു പ്രസവിച്ച അമ്മ- എന്റെ ഭാവനയിൽ ആദ്യം ഉതിർന്ന സ്വത്തു തർക്കം........... ഇതാ അമ്മയും മകളും കോടതി കയറുന്ന രംഗം വരെയെത്തി...... വിധി വൈപര്യം. അല്ലാതെ എന്തു പറയട്ടേ-