ലോ...................മീരാനിക്കാ................നിങ്ങള് എവിടാ................

നമ്മള് ഇപ്പോ വടകരയിലാ............എന്താണീ?

അല്ല- നിങ്ങള് നാളെയൊന്ന് കൊച്ചീയ്ക്ക് ബരുമോ?

എന്താണിടാ

അത്.........നമ്മുടെ ഹസ്സനിക്ക.........

എന്താണീ?......നീ ബേജാറാവാണ്ട് പറയ്............

ഇച്ചിരി സീരിയസ്സായിട്ട് ആസ്പത്രീലാ............നിങ്ങള് ഇച്ചിരി കാശ് കൂടി കരുതണം കേട്ടോ-

എത്രയാ?

ഒരയ്മ്പത്..........

പടച്ചോനേ........അത്രയും ഉണ്ടാവില്ല

ഉള്ളത്...........നിങ്ങള് ഇങ്ങോട്ട് പോരീൻ.........ഒരു രണ്ടീസം ഇബടെ നിക്കാനക്കൊണ്ട് തെയ്യാറായി ബരീൻ............

ഹസ്സനിക്ക നാട്ടിലെ ഒരു വമ്പനാണ് കേട്ടാ......... ചെറുപ്രായത്തില് ഉദ്യോഗത്തിൽ കയറിയതാണ്- ഓന് രണ്ട് പെൺകുട്ടികളാ ബഹു മിടുക്കത്തികളാണ്. ഓൻ ഒരു ജൂണിയൻ നേതാവിന്റെ പെങ്ങളെയാണ് വീടരാക്കിയത്. വെറും രജിസ്റ്റർ കല്യാണം- അത്ര തന്നെ- പിന്നെ താമസം കൊച്ചീക്ക് മാറ്റീന് ഇപ്പോ 20 ബർഷമായി. നാട്ടിൽ എന്തേലും ബിശേഷം വന്നാൽ ഏത് പാതിരാത്രിയാണേലും ഓന് വടകരയെത്തിയിരിക്കും.

എല്ലാ ബർഷത്തിലും ഓന് ഒരു ടൂർ പ്രോഗ്രാമുള്ളതാണ് കേട്ടാ- കൂട്ടരും ഒത്ത് വടക്കേഇന്ത്യയിലേയ്ക്ക് യാത്രപോയി മടങ്ങിവരുന്ന വഴിയാ- ഒരു വല്ലായ്മ- നേരെ ആശുപത്രിക്ക്-

മൂന്നുദിവസം അവരുടെ ഓരോ പരിശോധനകള്- നാലാം ദിവസം ഓന്റെ ഓർമ്മയും പോയിക്കിട്ടി. അത്ര തന്നെ. ഇപ്പോ 13 ദിവസം ആയീന്- ഓന്റെ കുട്ടികളും കെട്ടിയോളും രാപകലില്ലാതെ കൂട്ടിരിപ്പുണ്ട്. പിന്നെ ജൂണിയൻ പ്രവർത്തകരും ഓൾടെ സഹോദരൻ ചെറിയാൻ സാർ ഡെൽഹീന്ന് പുറപ്പെട്ടിട്ടുണ്ടെന്നാ കേട്ടത്.

ഐസി യൂണിറ്റിലാന്ന് പറഞ്ഞിട്ട്-

വൈകിട്ട് 5 മണിക്ക് രണ്ടാളെ കേറ്റി കാണിക്കും.

മൂന്നുദിവസം കൂടുമ്പോഴേയ്ക്ക് ഒരു 15,000 അടയ്ക്ക് 20,000 അടയ്ക്ക് ഇങ്ങനെ പറഞ്ഞോണ്ടിരിക്കും. കെട്ടിയവളുടെ കൈയിലെ വളകളുടെ എണ്ണം നന്നേ കുറഞ്ഞിന്. രാജഗോപാലിനോടും ദാസ്സിനോടും ഹസ്സന്റെ സഹോദരൻ അലവി കാര്യങ്ങൾ വിശദീകരിച്ചു.

നമ്മക്ക് ഓനേ വേറെ എങ്ങോട്ടെങ്കിലും മാറ്റിയാലോ? തിരുവനന്തപുരത്ത് ശ്രീചിത്രയിലോ മറ്റോ- കൂട്ടായ ആലോചനയുെട ഭാഗമായി 3 മണിക്ക് ഡോക്ടറെ നേരിൽ കണ്ട് സംസാരിക്കുവാൻ സുഹൃത്തുക്കൾ തീരുമാനിച്ചു.

അപ്പോ.......... ഞാൻ പറഞ്ഞുവരുന്നത് എന്നാന്ന് വച്ചാൽ..........

പുള്ളിക്കാരന്റെ ഹാർട്ട്, ലിവർ, കിഡ്‌നി എല്ലാം പ്രശ്‌നമാണ്. ഡോ. വാസുദേവ് എഫ് ആർ സി എസ് ഒരു നിമിഷം മൗനംപാലിച്ചിട്ട് പറഞ്ഞു. ഈ കണ്ടീഷനിൽ രോഗിയെ ്രടാൻസ്ഫർ ചെയ്യുന്നത് ഹൈ റിസ്‌ക്കാണ്.

മാനേജ്‌മെന്റ് ബിൽ മുഴുവൻ സെറ്റിൽ ചെയ്താൽ ചിലപ്പോ സമ്മതിച്ചേക്കാം. വലിയ ഹോപ്പ് കാണുന്നില്ല. നിങ്ങളിൽ ഒരാൾ എന്നോടൊപ്പം പോന്നോളൂ....... പേഷ്യന്റിന്റെ സ്ഥിതി നേരിൽ കാണാമല്ലോ- ദാസ് തയ്യാറായി ഐസി യൂണിറ്റിലേക്ക് ഡോക്ടറോടൊപ്പം പോയി വന്നു.

ഹൈലി ക്രിട്ടിക്കൽ

അത്താഴത്തിന് എന്തെങ്കിലും കഴിക്കാനായി ഹോസ്പിറ്റലിന് പുറത്തിറങ്ങിയ ചങ്ങാതിക്കൂട്ടം ഒന്ന് തീരുമാനിച്ചു. ഈ പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്നും അടിയന്തിരമായി പേഷ്യന്റിനെ മാറ്റുക. ഫൈനൽ ബിൽ സെറ്റിൽ ചെയ്യുവാൻ തുടങ്ങുമ്പോൾ പ്രശ്‌നങ്ങളായി- രണ്ടു ലക്ഷത്തി പതിമൂവായിരം ഇനി അടയ്ക്കണം.

ഇത് എന്ത് കഷ്ടാണ്.

ഒരു ലക്ഷത്തി മുപ്പത്തേഴായിരം പല തവണകളായി അടച്ചു കഴിഞ്ഞു. രോഗിയുടെ നില ഗുരുതരമായിത്തന്നെ തുടരുകയുമാണ്. വല്ലാത്ത പിരിമുറുക്കം. സാമ്പത്തിക പ്രതിസന്ധി വേറെ......... ഒടുവിൽ ദാസ് ഒരു പരിഹാരം നിർദ്ദേശിച്ചു. നമ്മൾ സുഹൃത്തുക്കൾ ഈ പണം കെട്ടി ഹസ്സനെ തിരുവനന്തപുരത്തിന് കൊണ്ടു പോകുന്നു.

പിന്നെ..........

മണിക്കൂറുകൾക്കുള്ളിൽ ദേവദാസ് മേയറുമായി ബന്ധപ്പെട്ട് ആംബുലൻസ് ഏർപ്പാടാക്കി-

ഹസ്സന്റെ അളിയന്റെ കാറിൽ ജ്യോതിയേയും മക്കളേയും തിരുവനന്തപുരത്തിന് വിട്ടു. പുറകെ ആംബുലൻസിൽ രോഗിയേയും കൊണ്ട് സുഹൃത്ത് സംഘവും നീങ്ങി-

രാവിലെ 10 മണിക്ക് ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ എത്തുമ്പോൾ ഡോ. സുഭാഷ് അഡ്‌മിഷനുവേണ്ട ഏർപ്പാടുകൾ ഒരുക്കി പടിവാതിൽക്കൽ കാത്ത് നിന്നിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിട്ടും വീട്ടിൽ പോകാതെ-

സാമ്പത്തിക പ്രതിസന്ധി........... എങ്ങനെ പരിഹരിക്കും?

ലാൽ ഒരു നിർദ്ദേശം വച്ചു- തന്റെ ഫേസ്‌ബുക്കിൽ ഹസ്സന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് റിക്വസ്റ്റ് നടത്താം. നമ്മുടെ സുഹൃത്തുക്കൾ സഹായിക്കും. ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് അതിന്റെ നമ്പർകൂടി ആഡ് ചെയ്യാം.

മൗനം സമ്മതം.

ആ തീരുമാനം ഫലം കണ്ടു. മൂന്നാം ദിവസം ഹസ്സനിക്ക കണ്ണുതുറന്നു. എന്താ.............ഏതാന്നൊക്കെ ചോദിച്ചു.

18 ദിവസം തീവ്ര പരിചരണം. ഒടുവിൽ ഡോ. സുഭാഷ് പറഞ്ഞു ഒരു ഇടക്കാല ജാമ്യമാണിത്. കിഡ്‌നി വളരെ വളരെ വീക്കാണ്. ഇനി വീട്ടിൽ റെസ്റ്റ് ചെയ്താൽ മതി.

യാത്രയിൽ കൂടെക്കൂടിയതാണ് രോഗം. പൊതുവേ പുള്ളിക്കാരന്റെ ആരോഗ്യനില കഷ്ടമാണ്. ഹെപ്പറ്റൈറ്റിസ് ഒരു മാരക രോഗമാണ്. എല്ലാം സധൈര്യം നേരിടുവാൻ അയാളുടെ വീടരോടും കുഞ്ഞുങ്ങളോടും പ്രത്യേകം പറഞ്ഞിട്ടുണ്ട്.

പിന്നീട്.............

ആകെ 21 ദിവസംകൂടി മാത്രമേ ഹസ്സൻ ജീവിച്ചിരുന്നുള്ളൂ. പൂർണ്ണബോധത്തോടെ മരണത്തെ വരവേൽക്കുവാൻ സജ്ജമായിരുന്നു ഹസ്സൻ.

ഇന്നലെ ദാസും കൂട്ടരും ജ്യോതിയേയും മക്കളേയും നേരിൽ കാണുവാൻ വീണ്ടും അവരുടെ വീട്ടിൽ പോയി. കൂട്ടത്തിൽ കാനറാ ബാങ്കിന്റെ ചെക്ക്‌ബുക്കും മൂന്നുലക്ഷത്തി എഴുപതിനായിരത്തി അഞ്ഞൂറു രൂപ ബാലൻസ് രേഖപ്പെടുത്തിയ പാസ്ബുക്കും.

സൗഹൃദത്തിന്റെ നേർക്കാഴ്ചയായി കൈമാറി.