പോലീസുകാരന്റെ മകൾ- ബികോം ബിരുദധാരി- കോൺട്രാക്ട് നിയമനം സർവ്വീസ് വെൽഫെയർ സൊസൈറ്റിയിൽ- വാട്ടർ അഥോറിറ്റിയിൽ ഓവർസീയർ മനുകുമാർ ജസീന്തയെ വിവാഹം കഴിക്കുമ്പോൾ സൊസൈറ്റിയിൽ പണിയുണ്ടായിരുന്നു.

പിന്നീട് ജില്ലാ രജിസ്ട്രാറുടെ പരിശോധന- നിർദ്ദേശപ്രകാരം മൂന്ന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അക്കൂട്ടത്തിൽ ജസീന്തയും പുറത്തായി.

മൂന്ന് ജീവനക്കാരും കൂടി കോടതിയിൽ പോയി- വർഷങ്ങൾ നീണ്ട നിയമയുദ്ധം- മന്ത്രിസഭകൾ മാറി മാറി വന്നു- ഒടുവിൽ കുഞ്ഞിന് 8 വയസ്സുള്ളപ്പോൾ പുനർ നിയമനം-

മനുകുമാർ സൈഡ് ബിസിനസ്സായി കെട്ടിട നിർമ്മാണവും വിൽപ്പനയും തുടർന്നു.

ഇടയ്ക്ക് എന്റെ ശ്രീമതി ജസീന്തയോട് ചോദിച്ചു-

എന്താ ഡോണിന് ഒരു അനിയത്തി കൂടി വേണ്ടേ?

അയ്യോ ചേച്ചീ..... എനിക്കു വയ്യ- ഇവിടെ അച്ചായൻ പണ്ടേ എന്നെ പ്രഷർ ചെയ്യുന്നുണ്ട്-

ആദ്യ പ്രസവത്തിലുണ്ടായ മുൻ കരുതലുകളും പ്രസവത്തെത്തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളും ജസീന്തയിൽ ഭീതിയും ഭയവും ഉണർത്തി- ഇനിയൊരു പ്രസവം വേണ്ടേ വേണ്ട..........

ഉറക്കമില്ലാത്ത രാത്രികളിലൊന്നിൽ ശ്രീമതി പറഞ്ഞാണ് ലേഖകൻ ഈ ചരിത്രം മനസ്സിലാക്കിയത്.

അപ്പോൾ പിന്നെ എന്തിനാ ഈ മനു കിടന്ന് പെടാപാട് പെടുന്നത്.

ഓഫീസിലാണെങ്കിൽ വൻ പരാതിയാണ്. മനു ഓഫീസ് സമയത്ത് സ്വന്തം കൺസ്ട്രക്ഷൻ സൈറ്റിൽ പോകുന്നു. പബ്ലിക്കിനോട് ഇൻഡീസെന്റായി പെരുമാറുന്നു എന്നൊക്കെ- പക്ഷേ, അഴിമതിക്കാരനായ അസിസ്റ്റന്റ് എഞ്ചിനീയർ കൂട്ടിനുണ്ട് എന്നതാണ് പരസ്യമായ രഹസ്യം.

ഇപ്പോൾ പണി പൂർത്തീകരിച്ചു കിടക്കുന്ന രണ്ടുനില കെട്ടിടത്തിന് വിൽപ്പന വില ചോദിക്കുന്നത് എത്രയെന്നോ?

ഒരു കോടി. നാല് സെന്റ് പ്ലോട്ട്- ആധുനിക സജ്ജീകരണങ്ങൾ.

ലേഖകന്റെ ഒരു സ്‌നേഹിതനുവേണ്ടി ബന്ധപ്പെട്ടു- കമ്മീഷൻ ഇല്ലാതെ എത്രയാണെങ്കിൽ നടക്കും-

സോറി അങ്കിളേ-

അങ്കിളിന്റെ സ്വന്തം പാർട്ടിയാണെങ്കിൽ 90 ലക്ഷം രൂപയ്ക്ക് കച്ചവടമാക്കാം-

അന്നേരം മനുവിന് പ്രോഫിറ്റ് എന്തു കിട്ടും?

ഒരു പത്തു ലക്ഷം-

ഞാൻ ശ്രീമതിയോട് സ്വകാര്യം പറഞ്ഞു- ഇതെല്ലാം കൂട്ടിവച്ച് ഇയാൾ എന്തുചെയ്യും-

അതിനല്ലേ പള്ളികളായ പള്ളികൾ മുഴുവൻ നടന്ന് നേർച്ച നേരുന്നത്.

ഡോണിനെ ഐപിഎസ് കാരനാക്കണമെന്നാണ് ആഗ്രഹം-

ങാ- അതുകൊള്ളാം- നന്നായിരിക്കട്ടേ-