- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർദ്ധക്യത്തിന്റെ ദുഃഖം
ശാരദ തുളസീധരൻ എന്റെ വീട്ടുകാരിയുടെ അടുത്ത സുഹൃത്താണ്. അവരുടെ 60-ാം പിറന്നാളിന് ഞങ്ങൾ രണ്ടാളും പങ്കെടുത്തു. അന്ന് അവിടെ നിന്നും മടങ്ങി വീട്ടിൽ എത്തുന്നതുവരെയും പിന്നീട് രാത്രി കിടക്കയിൽ ഉറക്കം വരുന്നതുവരെയും ചർച്ചാവിഷയം ശാരദയേയും തുളസീധരനേയും അവരുടെ ഏക മകൻ ശരത്തിനേയും കുറിച്ചായിരുന്നു. ശരത്തിന് ഇപ്പോൾ 35 വയസ്സ് പ്രായമുണ്ടാകും. സ്
ശാരദ തുളസീധരൻ എന്റെ വീട്ടുകാരിയുടെ അടുത്ത സുഹൃത്താണ്. അവരുടെ 60-ാം പിറന്നാളിന് ഞങ്ങൾ രണ്ടാളും പങ്കെടുത്തു. അന്ന് അവിടെ നിന്നും മടങ്ങി വീട്ടിൽ എത്തുന്നതുവരെയും പിന്നീട് രാത്രി കിടക്കയിൽ ഉറക്കം വരുന്നതുവരെയും ചർച്ചാവിഷയം ശാരദയേയും തുളസീധരനേയും അവരുടെ ഏക മകൻ ശരത്തിനേയും കുറിച്ചായിരുന്നു.
ശരത്തിന് ഇപ്പോൾ 35 വയസ്സ് പ്രായമുണ്ടാകും. സ്ഥിരതാമസം യുഎസ്എയിലാണ്. വിവാഹിതനും ഒരു മകന്റെ അച്ഛനുമാണ്. കുഞ്ഞിന് ആറുവയസ്സായതായി ശാരദ പറഞ്ഞു. പക്ഷേ, കുഞ്ഞു പിറന്നതിനുശേഷം ശരത്ത് നാട്ടിൽ വന്നിട്ടില്ല. ഇടയ്ക്ക് ഒന്ന് പറയുവാൻ വിട്ടുപോയി....
ശരത്തിന്റെ ഭാര്യ യുഎസ്എയിൽ തന്നെയുള്ള ഐറിൻ എന്ന മദാമ്മ പെൺകുട്ടിയാണ്. അവർ ഡോക്ടറാണ്, പ്രസിദ്ധ ഗൈനക്കോളജിസ്റ്റ്. പ്രശസ്തമായ ഒരു ബേക്കറി ശൃംഖലയുടെ ഉടമയുടെ മകളുമാണ്. ഇത്രയും വിശദീകരണം വേണമോ എന്ന ചോദ്യം ഉയർന്നാൽ അതിനുള്ള ഉത്തരം, ശാരദയും തുളസീധരനും വ്യത്യസ്ത സമുദായത്തിൽപ്പെട്ട-സ്‌നേഹിച്ച് ഒളിച്ചോട്ടം നടത്തി വിവാഹിതരായവർ കൂടിയാണെന്നുള്ളതാണ്-ഇത് ഒരു ചരിത്രസത്യം.
നായർ പ്രമാണിയുടെ മകൾ, ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോകും വഴി ടെലഫോൺസിൽ ജോലി നോക്കി വന്നിരുന്ന ഹരിജൻ വിഭാഗത്തിൽപ്പെട്ട മിടുക്കനായ ടെലിഫോൺ ഇൻസ്‌പെക്ടർ യാദൃശ്ചികമായി കാണുന്നു. ഈ കാഴ്ച ഒരു തുടർക്കാഴ്ചയായി മാറുന്നു. ഒടുവിൽ ഒളിച്ചോട്ടത്തിലും രജിസ്റ്റർ വിവാഹത്തിലും കലാശിക്കുന്നു. നീണ്ട 35 വർഷങ്ങൾ പിന്നിട്ട ജീവിതം. ഒരിക്കൽപോലും ശാരദയുടെ വീട്ടുകാർ അന്വേഷിച്ചു വരികയോ ശാരദ സ്വന്തം വീട്ടിൽ പോകുകയോ ചെയ്തിട്ടില്ല. ഭാര്യവീടുമായി നാളിതുവരെ യാതൊരു ബന്ധവും തുളസീധരനും പുലർത്തിയിട്ടുമില്ല.
പട്ടം കേന്ദ്രീയ വിദ്യാലയം, കാൺപൂർ ഐഐറ്റി എന്നിവിടങ്ങളിൽ പഠിച്ച ശരത്ത് ബഹുമിടുക്കനായിരുന്നു. ക്യാമ്പസ് സെലക്ഷൻ നേടി അമേരിക്കയിൽ ചേക്കേറിയ യുവ എഞ്ചിനീയർ ആദ്യം ടെക്‌സാസിലും ഇപ്പോൾ വാഷിങ്ടണിലും ജോലി നോക്കുന്നു.
നാട്ടിൽ വിവാഹാലോചനകൾ നടക്കവേ, അമേരിക്കയിൽ ശരത്ത് വിവാഹിതനായി ദാമ്പത്യ ജീവിതത്തിൽ-പരിപാവനതയും ഏക പതി പത്‌നി ബന്ധവും കാത്തു സൂക്ഷിക്കുന്നത് ഇന്ത്യാക്കാരാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ-ഐറിൻ നേരിട്ട് ശരത്തിനോട് വിവാഹ അഭ്യർത്ഥന നടത്തുകയായിരുന്നു. 2 വർഷത്തോളം നല്ല സുഹൃത്തുക്കളായി കഴിഞ്ഞിട്ടാണ് വിവാഹിതരായത്.
തന്റെ ഭാര്യയേയും കൂട്ടി ഒരു തവണ ശരത്ത് കേരളത്തിൽ വന്നു. അച്ഛനേയും അമ്മയേയും തന്റെ ഭാര്യയെ കാണിക്കുവാനായി. 10 ദിവസത്തെ അവധിക്കാലം. പിന്നീട് ഒരു തവണ ഡാഡിയേയും മമ്മിയേയും അമേരിക്കയിലേക്ക് കൊണ്ടുപോയി. മൂന്നുമാസക്കാലം അവർ അവിടെ ചെലവഴിച്ചു മടങ്ങി.
സർവ്വീസ് രംഗത്തും പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്ന തുളസീധരന് ആ മൂന്നുമാസക്കാലം വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. എന്നാലും ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ അമേരിക്ക കാണുവാൻ കഴിഞ്ഞതിലുള്ള സംതൃപ്തി ശാരദയ്ക്ക് വേണ്ടുവോളമുണ്ടായി.
മിശ്രവിവാഹിതരായ ഈ ദമ്പതികൾ മറ്റുപല മിശ്രവിവാഹങ്ങൾക്കും സഹായികളായി വർത്തിച്ചിട്ടുണ്ട്. അത്തരം ദമ്പതികളുടെ തുടർന്നുള്ള ജീവിതത്തിൽ താങ്ങും തണലുമായിരുന്നു ഇവർ.
പക്ഷേ, ഇന്ന് ഇവർ അനുഭവിക്കുന്ന ദുഃഖം വാർദ്ധക്യകാലത്ത് ഉറ്റവരും ഉടയവരുമായ ഏക മകനോ മരുമകളോ അടുത്തില്ല, അടുത്ത് ഉണ്ടാകുവാൻ സാദ്ധ്യതയുമില്ല എന്ന നിരാശ്രയ ബോധത്താലാണ്.
നാട്ടിലുള്ള വീടും സ്ഥലവും വിറ്റിട്ട് അമേരിക്കയിൽ സ്ഥിരതാമസത്തിന് ചെല്ലുവാൻ അച്ഛനും അമ്മയ്ക്കുമായി ഒരു വീട് വാങ്ങിയിട്ടിട്ട് നിരന്തരം ക്ഷണിച്ചുകൊണ്ടിരിക്കുകയാണ് ഏക മകൻ. തങ്ങളുടെ ചെറുകുട്ടിയെ ആവോളം ലാളിക്കുവാനുള്ള അവസരം കൈവരുന്നില്ലല്ലോ എന്നതാണ് ശാരദയുടെ ദുഃഖം. പണവും സമ്പന്നതയും എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമല്ലെന്ന തിരിച്ചറിവിൽ ഈ വയോധികദമ്പതികൾ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നു.