വെള്ളിയാഴ്ച ഉച്ചസമയം-മൊബൈൽ ഫോൺ ഒന്നുരണ്ട് റിംഗടിച്ച് നിൽക്കുന്നു. ഇത് പല പ്രാവശ്യം ആവർത്തിച്ചപ്പോൾ ഇളയ മകൾ ഫോണെടുത്ത് നോക്കിയിട്ട് ഊണുകഴിച്ചുകൊണ്ടിരുന്ന അച്ഛനോട് പറഞ്ഞു-പുറത്ത് നിന്ന് ആരോ അച്ഛനെ വിളിക്കുകയാണ്. ഗൾഫിലെ സുഹൃത്തുക്കളോ മറ്റോ ആയിരിക്കും-ചിലപ്പോൾ ഇന്റർനെറ്റ് വഴി വിളിക്കുകയായിരിക്കും-

ദെൻ വെയിറ്റ് ആൻഡ് സീ-അച്ഛന്റെ മറുപടി-പത്തുമിനിട്ടിനുള്ളിൽ ദീർഘനേരം ഫോൺ റിങ് കേട്ടപ്പോൾ ഫോണെടുത്തു-ഹലോ-ഞാൻ ഭാസ്‌ക്കരൻ-അബുദാബിയിൽ ജോലി നോക്കുന്നു.

ഹലോ.......നമസ്‌ക്കാരം, പറയൂ എന്നെ നിങ്ങൾ അറിയുമോ? എന്ത് വിശേഷം സാർ, ഞാൻ ഒരു വിവാഹാലോചനയുമായിട്ടാണ് താങ്കളെ വിളിക്കുന്നത്.

ഓഹോ-എന്നാൽ പറയൂ-എന്റെ മകൻ താങ്കളുടെ മകളെ കണ്ട് ഇഷ്ടപ്പെട്ടു. വിവാഹാലോചനകൾ പലതും നടക്കുന്നു. പക്ഷേ, കഴിഞ്ഞയാഴ്ച അവൻ എന്നെ നേരിട്ട് വിളിച്ച് ഈ നമ്പർ തന്നു. താങ്കളുടെ മകളെ വിവാഹം കഴിക്കാൻ അവൻ ആഗ്രഹിക്കുന്നു. അവൻ ഇപ്പോൾ എഞ്ചിനീയറിങ് കഴിഞ്ഞ് റിലയൻസിൽ കോൺട്രാക്ടടിസ്ഥാനത്തിൽ വർക്ക് ചെയ്യുന്നു.

നിങ്ങളുടെ മകൻ ചെന്നൈയിലാണോ പഠിച്ചത്-അതോ വർക്ക് ചെയ്യുന്നത്. അല്ല-എന്നോട് അവൻ പറഞ്ഞത്, ഒരു ഷോട്ട്‌ടേം കമ്പ്യൂട്ടർ കോഴ്‌സിന് ചേർന്നപ്പോൾ താങ്കളുടെ മകളും ആ കോഴ്‌സിനുണ്ടായിരുന്നു എന്നാണ്. അങ്ങനെയുള്ള പരിചയമാണ്. വൺവേയാണോ എന്നാണ് എന്റെ സംശയം.....

ഓഹോ.....അതു കൊള്ളാമല്ലോ-നൗ ഷീയീസ് വർക്കിങ് ആസ് ജൂനിയർ സൈറ്റ് എഞ്ചിനീയർ ഇൻ എ കൺസ്ട്രക്ഷൻ കമ്പനി അറ്റ് ക്വയിലോൺ. ഇന്ന് ഓഫീസിൽ പോയിരിക്കുകയാണ്. ഒരു കാര്യം ചെയ്യൂ-മകനോട് എന്നെയൊന്ന് വിളിക്കാൻ പറയൂ-

അന്നും പിറ്റേന്നും വിളി വന്നില്ല. മൂന്നാം ദിവസം വൈകുന്നേരം 5 മണി കഴിഞ്ഞപ്പോൾ ഒരു കോൾ വന്നു.

ഞാൻ സുനിൽ ഭാസ്‌ക്കർ. ബിടെക് കഴിഞ്ഞ് റിലയൻസിൽ പ്രോഗ്രാം കോ-ഓർഡിനേറ്ററായി ജോലി നോക്കുന്നു. എന്റെ അച്ഛൻ കഴിഞ്ഞ ദിവസം അങ്കിളിനെ വിളിച്ചിരുന്നതായി പറഞ്ഞു.

ങാ....ഹായ് വിളിച്ചിരുന്നു. ഐ അപ്രീഷിയേറ്റ് യൂ-ബിക്കോസ് വളഞ്ഞ വഴിയൊന്നും നോക്കിയില്ലല്ലോ-ലെറ്റസ് തിങ്ക് ദി മാറ്റർ സീരിയസ്സിലി. എനിക്ക് മകളോട് ഒന്നു ചോദിക്കണം. അടുത്തയാഴ്ച ഒന്ന് വിളിക്ക്......ഫോൺ പെട്ടെന്ന് ഓഫാക്കി.

പിന്നെ അച്ഛനും അമ്മയും തമ്മിൽ തമ്മിൽ ആലോചിച്ചു. എങ്ങനെ വന്നൂ ഈ ആലോചന-ഇനി അന്യ ജാതിക്കാരനാണോ? നമുക്കു ചേർന്ന ബന്ധമായിരിക്കുമോ? കൂലംങ്കഷമായ ചിന്തകൾക്കൊടുവിൽ ബുധനാഴ്ച അത്താഴം കഴിക്കാനിരുന്നപ്പോൾ അച്ഛൻ ചോദിച്ചു-

മകളേ-ഒരു സുനിൽ ഭാസ്‌ക്കറെ നീ അറിയുമോ?

കാഡ് പരിശീലനത്തിനു ചേർന്നപ്പോൾ അവിടെയുണ്ടായിരുന്നു ഒരു സുനിൽ-അതാണോ?

ആയിരിക്കാം-നിങ്ങൾ തമ്മിൽ.........

പരിചയക്കാർ അത്രമാത്രം.........

അത്രയേയുള്ളോ?...........

എന്താ അച്ഛാ........

അയാളുടെ അച്ഛൻ കഴിഞ്ഞ ദിവസം നിന്നെ അവന് വിവാഹം കഴിച്ച് കൊടുക്കുമോയെന്ന് എന്നോട് ഗൾഫിൽ നിന്നും ഫോണിൽ വിളിച്ചു ചോദിച്ചിരുന്നു.

അച്ഛൻ എന്തോ പറഞ്ഞു?

അച്ഛൻ നിന്നോട് ചോദിക്കട്ടേയെന്ന് പറഞ്ഞു. അമ്മ ഇടയ്ക്കു കയറി പറഞ്ഞു. അവൻ നമ്മുടെ സമുദായം തന്നെയാണോ മോളേ...

ആ...എനിക്കറിഞ്ഞുകൂടാ-

പിന്നെ നിങ്ങൾ തമ്മിൽ സ്‌നേഹമാണോ? ഫോണിൽ സംസാരിക്കാറുണ്ടോ? അച്ഛന്റെ ഫോൺ നമ്പർ എങ്ങനെ അവർക്ക് കിട്ടി? ആകെ പൊലീസ് മുറയിൽ ഒരു ചോദ്യം ചെയ്യൽ.

അത് ഞാൻ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയപ്പോൾ അച്ഛന്റെ ഫോൺ നമ്പർ സുനിൽ ചോദിച്ചായിരുന്നു-അത്ര തന്നെ.

അത്രയേയുള്ളോ-പിന്നെന്താ ചടയമംഗലത്ത് നിന്നുമുള്ള ആലോചന നീ വേണ്ടാന്ന് വച്ചത്?

അത് പിന്നെ............പൊക്കക്കുറവ്. എനിക്ക് എന്തെങ്കിലും ഒരു പണി കിട്ടിയിട്ട് മതി വിവാഹം.

എഞ്ചിനീയർക്ക് ഇപ്പോൾ പണിയുണ്ടല്ലോ. അപ്പോൾ ആലോചിക്കാം അല്ലേ-അച്ഛനിടപെട്ട് ആ അദ്ധ്യായം അങ്ങനെ അവസാനിപ്പിച്ചു.

വിശദമായ അന്വേഷണങ്ങൾക്ക് സുനിലിന്റെ അമ്മാവനാണ് രംഗത്ത് വന്നത്. ഒരേ സമുദായം-നാൾപൊരുത്തം-എല്ലാം ഒത്തുവന്നു. വിപുലമായ ഒരു വിവാഹ നിശ്ചയം-മോതിരം മാറൽ പിന്നെ ഒരു വർഷം കഴിഞ്ഞുള്ള വിവാഹം. വരന്റെ അച്ഛന്റെ ലീവ് സമയം കണക്കാക്കിയായിരുന്നു വിവാഹം. കുടുംബത്തിലെ ഇളം തലമുറക്കാരുടെ കൂട്ടത്തിൽപ്പെടുന്ന ആദ്യ വിവാഹം.

അച്ഛന്റെ പിൻഗാമിയായി ജർമ്മൻ കമ്പനിയിൽ മകനെ കയറ്റി വിടുവാൻ വിസിറ്റിങ് വിസ തരപ്പെടുത്തി ഒരു ശ്രമം നടത്തി നോക്കി. ആദ്യശ്രമം വിജയിച്ചില്ല. പെൻഷൻപ്രായം ഇളവു ചെയ്തുകിട്ടാത്തതിനാൽ അച്ഛൻ പൊടുന്നനവേ ഗൾഫിൽ നിന്നും മടങ്ങി.

മകന്റെ സംരക്ഷണം സുഹൃത്ത് ഏറ്റെടുത്തു. മൂന്നു മാസത്തിനുള്ളിൽ മകന് പോസ്റ്റിങ് തരപ്പെട്ടു കിട്ടി-ഓയിൽ റിഫൈനറിയിൽ. നാട്ടിൽ വന്ന് വിസ ചെയിഞ്ച് ചെയ്ത് മകൻ മടങ്ങി. പിന്നാലെ അച്ഛന് മറ്റൊരു പുതിയ കൺസ്ട്രക്ഷൻ കമ്പനിയിൽ പരിചയസമ്പന്നതയുടെ പേരിൽ നിയമനം-ഇനി മരുമകളും കൂടി അക്കരെപ്പറ്റിയാൽ ഹാപ്പി........രണ്ടു കുടുംബക്കാരും..........കാത്തിരിക്കുന്നു.