- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിത്രം വിചിത്രം
സുധീന്ദ്രബാബു ഗൾഫ് ജീവിതം ആരംഭിച്ചിട്ട് ഇപ്പോൾ കൃത്യം 40 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1975 ൽ ദുബായിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഡിസൈനറായിട്ടായിരുന്നു തുടക്കം. കാൽ നൂറ്റാണ്ട് പിന്നിട്ട ദാമ്പത്യജീവിതം 2 ആൺകുട്ടികളുടെ മാതാപിതാക്കളാക്കി മാറ്റി ലതാ-സുധീന്ദ്രബാബുമാരെ. 10 വർഷത്തോളം ഗൾഫിൽ ഒന്നിച്ചു ജീവിച്ച ലതയെ പെട്ടെന്ന് നാട്ടിൽ കുടുംബഷ
സുധീന്ദ്രബാബു ഗൾഫ് ജീവിതം ആരംഭിച്ചിട്ട് ഇപ്പോൾ കൃത്യം 40 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1975 ൽ ദുബായിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഡിസൈനറായിട്ടായിരുന്നു തുടക്കം.
കാൽ നൂറ്റാണ്ട് പിന്നിട്ട ദാമ്പത്യജീവിതം 2 ആൺകുട്ടികളുടെ മാതാപിതാക്കളാക്കി മാറ്റി ലതാ-സുധീന്ദ്രബാബുമാരെ. 10 വർഷത്തോളം ഗൾഫിൽ ഒന്നിച്ചു ജീവിച്ച ലതയെ പെട്ടെന്ന് നാട്ടിൽ കുടുംബഷെയറായി ലഭിച്ച വീട്ടിൽ മാറ്റി താമസിപ്പിച്ചപ്പോൾ അതിന് പ്രത്യേക കാരണങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ, ഒരു റോഡിനപ്പുറവും ഇപ്പുറവും താമസിച്ചിട്ടും അമ്മാവിയും മരുമകളും ബദ്ധശത്രുക്കളായി മാറി. കാരണം ലതയുടെ അഹങ്കാരവും സുന്ദരിയാണെ ഭാവവും പെട്ടെന്ന് സമ്പന്നയായതിന്റെ ഹുങ്കും തന്നെയായിരുന്നു.
കഴിഞ്ഞദിവസം വെളുപ്പിന് എന്നെ ഉണർത്തിയത് ടിയാന്റെ മരണം അറിയിച്ചുകൊണ്ടുള്ള സ്വന്തം സഹോദരന്റെ ഫോൺകോളായിരുന്നു. 17 ദിവസമായി ദുബായിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരുന്നു. ഒരു തളർച്ചപോലെ വന്ന് പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
30 വർഷത്തെ കുടുംബജീവിതത്തിൽ 20 വർഷവും ഭാര്യയും ഭർത്താവും വേറിട്ട് ജീവിക്കുകയായിരുന്നു. ഒന്നോ രണ്ടോ വർഷം ഇടവിട്ട് നാട്ടിൽ ലീവിന് വന്നുപോകുന്ന സുധീന്ദ്രൻ അമ്മ വീട്ടിലാണ് താമസം. കുഞ്ഞുങ്ങളെ കാണുവാനും അവരുടെ ക്ഷേമകാര്യങ്ങൾ അന്വേഷിക്കുവാനും എതിരെ ഭാര്യയും കുട്ടികളും താമസിക്കുന്ന വീട്ടിൽ പോയിവരും അത്ര തന്നെ. ഇത് ഒന്നവസാനിപ്പിക്കുവാൻ ലേഖകനെ ഇടനിലക്കാരനായി നിർത്തി ലത ഒരു ശ്രമം നടത്തിനോക്കി.
പതിവുപോലെ ലീവിന് വന്ന കഥാനായകൻ ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് എന്റെ വീട്ടിൽ വന്നു. കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോൾ അകൽച്ചയുടെ അറിയാക്കഥകൾ ഒന്നൊന്നായി വെളിപ്പെട്ടു തുടങ്ങി. സാർ എന്തു പറഞ്ഞാലും അവളുമായി ഒന്നിച്ചുള്ള ഒരു ജീവിതം സാദ്ധ്യമല്ല. പിന്നെ, കുട്ടികളുടെ കാര്യം അത് ഞാൻ തന്നെയാണ് നാളിതുവരെ നോക്കിയത്. തുടർന്നും അതിന് വീഴ്ച വരുത്തില്ല.
വീട് വാടകയിനത്തിൽ പ്രതിമാസം ഇപ്പോൾ തന്നെ 25000 രൂപയോളം അവൾക്ക് കിട്ടുന്നുണ്ട്. മൂന്നുപേർ അടങ്ങുന്ന കുടുംബത്തിന് അത് ധാരാളമാണ്. 20 വർഷങ്ങൾക്ക് മുമ്പ് അവളുടെ അക്കൗണ്ടിൽ 32 ലക്ഷം രൂപ ഞാൻ ഇട്ടിരുന്നു. ഒരു പൈസ പോലും ഞാൻ തിരികെ വാങ്ങിയിട്ടില്ല.
പൊട്ടക്കിണറ്റിൽ കിടന്ന തവള ലോകം കണ്ടെന്നപോലെ ഇവൾ ഗൾഫിൽ കാണിച്ചുകൂട്ടിയ കഥകൾ വിവരിക്കാതിരിക്കുകയാണ് ഭേദം.
സുധീ, വന്നതും പോയതുമൊക്കെ പോട്ടെ. കുട്ടികളുടെ ഭാവി ഓർത്തെങ്കിലും ഒന്നിച്ച് കഴിയരുതോ?
സാദ്ധ്യമല്ല-അങ്ങനെയെങ്കിൽ ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവൾ. അവളെ കൊന്നിട്ട് ഞാൻ ജയിലിൽ പോകേണ്ടിവരും. മറ്റെന്നാൾ തിരികെ പോകേണ്ടവനാണ് ഞാൻ പക്ഷേ, ടിക്കറ്റ് ക്യാൻസൽ ചെയ്ത് ഇന്നുതന്നെ മടങ്ങുകയാണ്. സംസ്‌ക്കാരമില്ലാത്ത ചെറ്റയാണവൾ. എന്റെ അമ്മയേയും സഹോദരങ്ങളേയും വെറുപ്പിച്ചുകൊണ്ട് എനിക്ക് ഇവളുമായി ഒരു കുടുംബജീവിതം വേണ്ട. ഞാൻ ഇറങ്ങുന്നു. സുധീന്ദ്രൻ നേരെ എയർപോർട്ടിൽ പോയി.
പറഞ്ഞിരുന്നതുപോലെ കുട്ടികളേയും കൂട്ടി കഥാനായിക വൈകിട്ട് 5 മണിക്ക് എന്റെ മുന്നിൽ ഹാജർ.
'കുട്ടികളേയും കൊന്ന് ഞാനും ചാവും' എത്രയും പെട്ടെന്ന് ഒരു പരിഹാരം നേടിത്തരണം.
സമാധാനപ്പെട്. കുഞ്ഞുങ്ങളേയും കൂട്ടി ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കാതെ. നമുക്ക് പരിഹാരമുണ്ടാക്കാം.
എവിടെ ആൾ എവിടെ?
ആള് ഇവിടെ വന്നിരുന്നു. കാര്യങ്ങൾ സംസാരിച്ചു- പോയി.
എവിടെപ്പോയി?
ദുബായിലേക്ക് മടങ്ങി.
മറ്റെന്നാൾ പോകുമെന്നാണല്ലോ കുട്ടികളോട് പറഞ്ഞിരുന്നത്.
എന്തായാലും ഇന്ന് ഇപ്പോൾ ഫ്‌ളൈറ്റിൽ കയറിയിട്ടുണ്ടാകും.
സുധീന്ദ്രന്റെ ഭാര്യ കുറച്ചുനേരം സ്തംഭിച്ച് ഇരുന്നുപോയി.
ആറുമാസത്തിനുള്ളിൽ ഈ പരാതിക്കാരി എന്നെ പ്രതിയാക്കി കോർപ്പറേഷനിൽ കേസ് കൊടുത്തു. ചിത്രം എത്ര വിചിത്രം എന്നു നോക്കൂ.
പാരമ്പര്യമായി എന്റെ മുത്തശ്ശി ഇടവഴിക്കുവേണ്ടി വിട്ടുകൊടുത്ത സ്ഥലം. ഒരു ഫ്ളാറ്റ് സമുച്ചയം വന്നപ്പോൾ കഥാനായിക ഒറ്റ രാത്രികൊണ്ട് കെട്ടിയടച്ച് ഉള്ളിൽ തൈതെങ്ങ് വച്ചു. അങ്ങനെ അര സെന്റോളം സ്ഥലം കൈവശപ്പെടുത്തി. ഇടവഴി (ഇപ്പോൾ ഉപയോഗശൂന്യമാണ്) യിലൂടെ ഒഴുകിക്കൊണ്ടിരുന്ന മഴവെള്ളം അങ്ങനെ കെട്ടിക്കിടക്കുവാനിടയായി.
സ്ഥലം പരിശോധിച്ച ഹെൽത്ത് ഇൻസ്‌പെക്ടർ ഒരാഴ്ചക്കുള്ളിൽ മലിനജലം ഒഴുക്കിക്കളയണമെന്ന് ആവശ്യപ്പെട്ട് എനിക്ക് നോട്ടീസ് നൽകി. ഞാൻ രണ്ട് കൂലിക്കാരെ നിർത്തി (ഉപയോഗശൂന്യമായി കിടക്കുന്ന ഇടവഴിയിൽ തന്നെ) ആ പ്രശ്‌നം പരിഹരിക്കുവാൻ തുടങ്ങിയെങ്കിലും കഥാനായിക വീണ്ടും പരാതിയുമായി നീണ്ടകാലം കയറിയിറങ്ങി. ഇടവഴിയുടെ പ്ലാനും സ്‌കെച്ചും പഴയ പ്രമാണത്തിന്റെ കോപ്പിയും പൊടിതട്ടിയെടുത്ത് ഞാൻ അധികാരികളുടെ മുന്നിൽ ഹാജരാക്കിയപ്പോൾ ഇടവഴി സ്ഥലത്തിന്റെ ഉടമ എന്റെ മുത്തശ്ശിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടു.
തുടർന്ന് ഒന്നുമാറി ഒന്നുമാറി അയൽവാസികളെയെല്ലാം ശത്രുക്കളാക്കിക്കൊണ്ട് ഒരു ടൂവീലറുമായി രാവിലെ ഊരുചുറ്റാനിറങ്ങുന്ന നായിക അടിപൊളി ജീവിതമാണ് നയിച്ചിരുന്നത്. ഗൾഫിൽ കാണിച്ചതിന്റെ രണ്ടാം പതിപ്പ്.
അപ്പോ...ഡെഡ്‌ബോഡി എപ്പോ നാട്ടിലെത്തും. ചില പേപ്പറുകൾ ശരിയാക്കാനുണ്ട്. ഒരാഴ്ചക്കുള്ളിൽ എത്തിയേക്കും. ഭാര്യയും മക്കളുമോ? അവർ ഇപ്പോൾ വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയിട്ടുണ്ട്. താമസിക്കുന്ന വില്ലയുടേയും, വാഹനത്തിന്റെയും പേപ്പറുകൾ ശരിയാക്കിക്കിട്ടിയാൽ ഉടൻ പുറപ്പെടും. ശവശരീരത്തിന് അകമ്പടിയായി..........അമ്മയും മക്കളും.