മൂന്നു മാസത്തോളം ഡൽഹിയിൽ ഉണ്ടായിരുന്ന സമയത്തു ഒരു സ്ത്രീയോട് പെരുമാറുവാൻ കേരളം എത്രയോ ഭേദമെന്ന് തോന്നിയ ദിവസങ്ങളായിരുന്നു 2012ൽ എനിക്കുണ്ടായ അനുഭവങ്ങൾ.

ആ മൂന്നു മാസങ്ങൾ മൂന്നു വർഷങ്ങൾ പോലെ കടന്നു പോയി. ആകെ ഒരു ആശ്വാസം ഹിന്ദി അത്യാവശ്യം സംസാരിക്കാൻ അറിയാമെന്നുള്ളതായിരുന്നു. ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ 9,10 ക്ലാസ്സുകളിൽ മലയാളത്തിന് പകരം ഹിന്ദിയാണ് തിരഞ്ഞെടുത്തത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് മലയാളത്തിന് മാർക്ക് കൂടുതൽ കിട്ടുമെന്ന് പറഞ്ഞിട്ടും അച്ഛൻ അതിന് സമ്മതിച്ചില്ല. ഹിന്ദി ക്ലാസ്സിൽ ഞങ്ങൾ 5,6 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു, ബാക്കിയുള്ളവർ സെക്കന്റ് language ആയി മലയാളമാണ് തിരഞ്ഞെടുത്തത്. അന്ന് എന്റെ അച്ഛൻ പറഞ്ഞത് നീ ഇപ്പോൾ ഹിന്ദി പഠിച്ചാൽ പിന്നീട് എന്നെങ്കിലും വടക്കേ ഇന്ത്യയിൽ പോയാൽ നിനക്കത് ഉപകാരപ്പെടും എന്നായിരുന്നു. അതു എത്ര സത്യമാണെന്നു മനസ്സിലാക്കാൻ എനിക്കു 9 വർഷങ്ങൾ വേണ്ടി വന്നു. അതേ ആ മൂന്നു മാസങ്ങൾ അന്ന് അച്ഛൻ പറഞ്ഞതെത്ര ശെരിയാണെന്ന് എന്നെ ഓർമ്മപ്പെടുത്തി.

അതുകൊണ്ടു നിങ്ങൾ കുട്ടികളെ ഭാഷകൾ പഠിപ്പിക്കണം. അതിനു പ്രോത്സാഹിപ്പിക്കണം. നല്ല വിജ്ഞാനപ്രദമായ പരിപാടികൾ ഹിന്ദി,ഇംഗ്ലീഷ് ടി. വി ചാനലുകൾ കാണുവാനും ആ ഭാഷകളിൽ ഉള്ള പത്രം വായിക്കുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. സ്‌കൂളുകളിലും ഹിന്ദി,ഇംഗ്ലീഷ്, മലയാളത്തോടൊപ്പം നന്നായി പഠിക്കുവാൻ നിങ്ങൾ അവരെ പ്രോത്സാഹിപ്പിക്കണം. ഏതു ഭാഷ പഠിക്കുന്നതും പിന്നീട് ഉപകാരപ്പെടും.

നമ്മുടെ നാട്ടിലെ പോലെ ഡൽഹിയിൽ ഒരു സാധാരണ കടയിൽ പോയി ഇംഗ്ലീഷ് പറഞ്ഞിട്ടു കാര്യമില്ല. നമ്മുടെ നാട്ടിൽ ഒരു വിദേശി സാധാരണക്കാരനോട് പോയി ഇംഗ്ലീഷ് സംസാരിച്ചാൽ അയാൾ മറുപടി ഇംഗ്ലീഷിൽ പറയാൻ സാധ്യതയേറെയാണ്. പക്ഷെ അവിടെ കുറച്ചു ദിവസം ജീവിക്കാൻ ഹിന്ദി അറിഞ്ഞിരിക്കുന്നത് അത്യാവശ്യമാണ്.

ഡൽഹിയിൽ ഗൗതം നഗർ എന്ന സ്ഥലത്താണ് ഞാൻ താമസിച്ചത്. ഡൽഹി കൂട്ട ബലാൽസംഗം നടന്ന സാകേത് എന്ന സ്ഥലത്തു നിന്നും 6 കിലോമീറ്റർ അകലെയുള്ള സ്ഥലം. അവിടെ ഒരു ഇടുങ്ങിയ മുറിയിൽ കൊടും ചൂടിൽ 43 ഡിഗ്രി ചൂടിൽ. ഒരു കൂളർ ചെറിയ രീതിയിൽ മുറി തണുപ്പിക്കുവാൻ സഹായിച്ചു. പക്ഷെ പുറത്തു പോയി തിരികെ വന്നാൽ ദേഹം മുഴുവൻ ചൂട് കുരു പൊന്തിയിരുന്നു. അസഹനീയമായ ചൂടിൽ വെന്തുരുകിയെന്നു തന്നെ പറയാം. അവിടെ ചെറിയ ചേരികൾ പോലും കാണുമ്പോൾ കേരളം എത്രയോ ഭേദം എന്നു തോന്നി. കൂടാതെ അവിടുത്തെ ചില പുരുഷന്മാരുടെ നോട്ടവും പെരുമാറ്റവും അറപ്പു ഉളവാക്കുന്നതായിരുന്നു.
അത്തരം ചില അനുഭവങ്ങൾ ഞാൻ പങ്കുവെയ്ക്കാം.

ആദ്യത്തെ ഒരു ഫ്‌ളാറ്റിലെ ഉടമസ്ഥൻ ഒരു 35 വയസ്സ് തോന്നിക്കുന്ന ഒരാൾ ഇടയ്ക്കിടയ്ക്ക് വന്നു കതകിൽ മുട്ടുവാനും ശല്യം ചെയ്യുവാനും തുടങ്ങി. വല്ലാതെ ഭയം തോന്നിയ നിമിഷങ്ങളായിരുന്നു. ആ മുറി ഒരു അബദ്ധം പറ്റി എടുത്തതാണ്. നാട്ടിൽ ഒരാൾ വഴി ബുക്ക് ചെയ്ത മുറിയായിരുന്നു അതു. ഞാൻ വേഗം സുഹൃത്തുക്കളെ ഫോണിൽ വിളിച്ചു. അവർ വന്നു അയാളോട് സംസാരിച്ചു റൂം താമസം മാറ്റി.

കുറച്ചു മാറി ഒരു താമസ സൗകര്യം ശെരിയായി. നല്ലൊരു ലേഡീസ് പി.ജി. ആയിരുന്നത്. നല്ല ഒന്നു രണ്ടു വടക്കേ ഇന്ത്യൻ സുന്ദരികളെ സുഹൃത്തായി കിട്ടി.
ഒരിക്കൽ ഒരു പകൽ സമയത്തു പനി വരികയും ഗുളിക വാങ്ങുവാനായി മെഡിക്കൽ സ്റ്റോർ വരെ തനിയെ പോകേണ്ടി വന്നു. മരുന്നു വാങ്ങുന്നതിനിടയിൽ പുറകിൽ നിന്നും ഒരാൾ എന്റെ ആസനത്തിൽ കൈവെച്ചു. തിരിഞ്ഞു നോക്കിയപ്പോഴേക്കും അയാൾ ഓടിപോയിരുന്നു. മിണ്ടാതെയിരിക്കുവാനെ അന്ന് എനിക്കു സാധിച്ചുള്ളൂ. പരിചയമില്ലാത്ത സ്ഥലം, പോരാത്തതിന് ഞാൻ ഒറ്റയ്ക്കും.പട്ടാപകൽ ഇത്തരം ഒരു അനുഭവം ഉണ്ടായപ്പോൾ ഒറ്റയ്ക്കു അടുത്തു പോലും ഇനി തനിയെ പോകില്ലെന്ന് ഞാൻ ഉറപ്പിച്ചു.

കൂടാതെ പലപ്പോഴും പലരുടെയും ദഹിപ്പിക്കുന്ന നോട്ടം പോലും ഡൽഹി എന്ന സ്ഥലത്തോട് വെറുപ്പ് തോന്നിച്ചു. അവിടെ നിൽക്കേണ്ടത് അന്ന് എന്റെ ആവശ്യം ആയിരുന്നു. അന്ന് എനിക്കു മെഡിക്കൽ കൗണ്‌സിന്റെ ഒരു പരീക്ഷയ്ക്ക് കോച്ചിങ് പഠിക്കുവാനും, ആ പരീക്ഷയ്ക്ക് അന്ന് സെന്റർ ഡൽഹിയിൽ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഒരിക്കൽ മെട്രോ ട്രെയിൻ ഇറങ്ങുമ്പോൾ ഒരാൾ ഓടിവന്നു എന്നെ ഇടിച്ചു . എന്റെ മാറിടത്തു അയാൾ സ്പർശിച്ചിരുന്നു. ഇതുവരെ സഹിച്ച രോഷമൊക്കെയും അന്ന് ആ ദിവസം പുറത്തേക്കു ഒഴുകി. ഞാൻ ബഹളം വെച്ചു. ആളുകൾ കൂടി. നിനക്കു കണ്ണു കണ്ടൂടെ, നിനക്കു അമ്മയും പെങ്ങളും ഇല്ലേ എന്നും ചോദിച്ചു. ഒപ്പം എന്റെ കണ്ണുകൾ ഒരു സ്ത്രീയുടെ സഹനത്തിന്റെ പരമാവധി സഹിച്ചൊടുവിൽ കണ്ണുനീരായി ഒഴുകി. ആളുകൾ കൂടിയപ്പോൾ മാപ്പു പറഞ്ഞയാൾ ഓടി. കൂട്ടുകാർ എന്നെയും കൂട്ടി അവിടുന്നു യാത്രയായി.

പരീക്ഷ കഴിഞ്ഞു നാട്ടിലോട്ട് മടങ്ങുന്നതിനു മുൻപ് സാകേത് എന്ന സ്ഥലത്തു പോയി ഹിന്ദി സിനിമ കണ്ടു. അതു കഴിഞ്ഞു നാട്ടിൽ വന്നു 2 ആഴ്‌ച്ച കഴിഞ്ഞു ഡിസംബർ 16 തീയതി അതേ സ്ഥലത്തു വെച്ചു ആ പാവം പെണ്കുട്ടിയെ ബസ്സിൽ വെച്ചു കഴുകന്മാർ പിച്ചിച്ചീന്തിയത്. മൃഗത്തെ പോലെ അവളുടെ ശരീരത്തു കാമവെറി പൂണ്ടു ആർത്തിയോടെ അവളെ ദാരുണമായി പീഡിപ്പിച്ചു കൊന്നു. ഡൽഹിയുടെ ചരിത്രത്തിൽ കറുത്ത ലിപികളാൽ എഴുതപ്പെട്ട കൂട്ട ബലാത്സംഗം. ആ പെണ്കുട്ടി മരിക്കുന്നതിന് മുൻപ് പറഞ്ഞത് 'I want to live' എന്നാണ്. 'എനിക്കു ജീവിക്കണം' എന്നു പറഞ്ഞു ആ പെണ്കുട്ടി മരണത്തിനു കീടങ്ങി.

'എനിക്കു ജീവിക്കണം'.... അതേ ഓരോ അമ്മയും,മകളും,സഹോദരിയും ജീവിക്കട്ടെ... പുരുഷൻ അതിനു അവൾക്കു താങ്ങും തണലും ആവട്ടെ.. മറിച്ചു അവൾ പുരുഷനെ വെറുക്കാതെയിരിക്കട്ടെ..

(ഡോ.ഷിനു ശ്യാമളൻ ഫേസ്‌ബുക്കിൽ കുറിച്ചത്)