- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിനുള്ളിൽ തുടർച്ചയായി അജ്ഞാത ശബ്ദം: ഭൂമിക്കടിയിലെ മർദ വ്യതിയാനമാകാം കാരണമെന്ന് വിദഗ്ധ സംഘം; സ്ഥലത്തെത്തി പരിശോധന നടത്തി; ആശങ്കപ്പെടേണ്ടതില്ല; മണ്ണൊലിപ്പ് ഇല്ലെന്ന് ഉറപ്പാക്കാൻ കൂടുതൽ സർവേ നടത്തും
കോഴിക്കോട്: പോലൂർ തെക്കേമാരാത്ത് വീട്ടിനുള്ളിൽനിന്ന് തുടർച്ചയായി അജ്ഞാതശബ്ദം കേൾക്കുന്നത് സംബന്ധിച്ച് വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമിക്കടിയിലെ മർദ വ്യത്യാസത്തിലെ വ്യതിയാനമാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം
കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിൽനിന്ന് വിരമിച്ച മുതിർന്ന ശാസ്ത്രജ്ഞൻ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച വീട്ടിലെത്തി പരിശോധന നടത്തിയത്. ഭൂമിക്കടിയിലെ മർദവ്യത്യാസമാകാം ശബ്ദത്തിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധ സംഘം ചൂണ്ടിക്കാട്ടി.
ഭൂമിക്കടിയിൽ മണ്ണൊലിപ്പ് ഇല്ലെന്ന് ഉറപ്പാക്കാൻ കൂടുതൽ സർവേ നടത്തുമെന്നും അവർ അറിയിച്ചു. സമീപത്തെ വീട്ടിലെ കിണറുകൾ, ചുമരിലെ വിള്ളലുകൾ തുടങ്ങിയവയെല്ലാം സംഘം പരിശോധിച്ചു. രാവിലെ 9.30 മുതൽ പരിശോധന തുടങ്ങിയത്.
സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്.പ്രദീപ്, ജിയോളജിസ്റ്റ് എസ്.ആർ.അജിൻ എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങൾ. റെസിസ്റ്റിവിറ്റി സ്റ്റഡീസ് പോലുള്ള വിശദമായ പഠനങ്ങൾ ആവശ്യമുണ്ടോ എന്നുള്ള കാര്യം സംഘം വിലയിരുത്തി മന്ത്രി കെ.രാജന് റിപ്പോർട്ട് സമർപ്പിക്കും.
പോലൂർ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് രണ്ടാഴ്ചയിൽ അധികമായി മുഴക്കം കേൾക്കുന്നത്. ഫയർഫോഴ്‌സും ജിയോളജി ഉദ്യോഗസ്ഥരുമൊക്കെയെത്തി പരിശോധന നടത്തിയിരുന്നെങ്കലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മന്ത്രി എ.കെ. ശശീന്ദ്രനും വീട് സന്ദർശിച്ചിരുന്നു. തുടർന്ന് റവന്യൂ വകുപ്പിന്റെ നിർദേശപ്രകാരമാണ് കേന്ദ്രഭൗമശാസ്ത്ര പഠന കേന്ദ്രത്തിൽനിന്ന് വിരമിച്ച ഡോക്ടർ ജി. ശങ്കറിന്റെ നേതൃത്തിലുള്ള സംഘം വീട്ടിലും പരിസരത്തും പരിശോധന നടത്തിയത്. മുഴക്കത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ സർവേ ആവശ്യമാണെന്നും സംഘം വിലയിരുത്തി.
മൂന്നാഴ്ച മുൻപാണ് വീട്ടിൽനിന്ന് ശബ്ദം കേൾക്കാൻ തുടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പകൽ സമയത്തും ശബ്ദം കേൾക്കുന്നുണ്ട്. ഇന്നു രാവിലെയും മൂന്നു തവണ ശബ്ദമുണ്ടായി. അടുത്തിടെയാണ് മുകളിലേക്ക് ഒരു നില കൂടി പണിതത്. ഇതിനുശേഷമാണ് ശബ്ദം കേട്ട് തുടങ്ങിയതെന്നാണ് വീട്ടുകാർ പറയുന്നത്.
താഴെ നിന്നാൽ ശബ്ദം വ്യക്തമായി കേൾക്കാം. ഇപ്പോൾ കൃത്യമായ സമയമൊന്നുമില്ല. പലപ്പോഴായി കേൾക്കുന്നു. മുകളിലത്തെ പറമ്പിൽ മണ്ണെടുക്കലിന്റെ പണി നടന്നിരുന്നു. ശബ്ദം ഇതിനെ തുടർന്നാണോ എന്ന് സംശയിച്ചിരുന്നെങ്കിലും ബിജുവിന്റെ വീട്ടിൽ മാത്രം എങ്ങനെ ശബ്ദം കേൾക്കുന്നുവെന്നാണ് ആർക്കും മനസ്സിലാവാത്തത്.
പരിശോധനാ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ദുരന്തനിവാരണ അഥോറിറ്റിക്ക് കൈമാറും. രാപകൽ വ്യത്യസമില്ലാതെ മുഴക്കം കേൾക്കുന്നതിനാൽ വീട്ടുകാർ രാത്രികാലങ്ങളിൽ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ