- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂട്ടുകൂടാൻ വന്നാലും ചൈനയെ വിശ്വസിക്കാനാവില്ല; ഇന്ത്യയിലെ പതിനായിരത്തോളം പ്രമുഖരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുണ്ടോ? വാർത്ത വന്നതോടെ സൈബർ പോരിനും വട്ടംകൂട്ടി ഇന്ത്യ; ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്റർക്ക് കീഴിൽ വിദഗ്ധ കമ്മിറ്റി രൂപീകരിച്ച് മോദി സർക്കാർ; ഡിജിറ്റൽ നിരീക്ഷണം വഴി നിയമലംഘനമുണ്ടായോ എന്ന് പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ടിന് നിർദ്ദേശം; പാർലമെന്റിലും വിഷയത്തിൽ സംവാദം; കിഴക്കൻ ലഡാക്കിൽ യുദ്ധത്തിനായി പൂർണസജ്ജമെന്ന് ഇന്ത്യൻ സൈന്യവും
ന്യൂഡൽഹി: ഇന്ത്യയിലെ പതിനായിരത്തോളം പ്രമുഖരെയും സ്ഥാപനങ്ങളെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വാർത്തയെ തുടർന്ന് കേന്ദ്ര സർക്കാർ ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്റർക്ക് കീഴിൽ വിദഗ്ധ കമ്മിറ്റി രൂപീകരിച്ചു. ഷെൻസെൻ ഷെൻഹുവ ഡാറ്റ ഇൻഫോർമേഷൻ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനം ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഡിജിറ്റൽ നിരീക്ഷണത്തിന്റെ വിവിധ വശങ്ങൾ വിലയിരുത്തി നിയമലംഘനം നടന്നുവോയെന്ന് വിലയിരുത്തണം. 30 ദിവസത്തിനകമാണ് കമ്മിറ്റി റിപ്പോർട്ട് നൽകേണ്ടത്. രാജ്യസഭാ എംപി കെ.സി.വേണുഗോപാലിനെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.
വിദേശകാര്യമന്ത്രാലയം ഈ പ്രശ്നം ചൈനീസ് അംബാസഡറുമായി സംസാരിച്ചുവെന്നും ജയശങ്കർ പറഞ്ഞു. ബീജിങ്ങിലെ ഏംബസി ഈ വിഷയം ചൈനീസ് വിദേശകാര്യമന്ത്രാലത്തിന്റെ ശ്രദ്ധയിൽ പെടുത്തി. ഷെൻസെൻ ഷെൻഹുവ സ്വകാര്യ കമ്പനിയാണെന്നും ചൈനീസ് സർക്കാരുമായി അവർക്ക് യാതൊരുബന്ധവും ഇല്ലെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്-മന്ത്രി എസ്.ജയശങ്കർ അറിയിച്ചു.
കോൺഗ്രസ് ഈ വിഷയം പാർലമെന്റിന്റെ ഇരുസഭകളിലും ഉന്നയിച്ചിരുന്നു. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയെങ്കിലും സ്പീക്കർ ഓം ബിർള അതനുവദിച്ചില്ല. നാളെ ലോക് സഭയിൽ ശ്രദ്ധക്ഷണിക്കലായും കോൺഗ്രസ് ഈ വിഷയം ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാജ്യത്തെ ഭരണഘടനാപദവികൾ വഹിക്കുന്നവരെ ചൈനീസ് സർക്കാരുമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധമുള്ള സ്ഥാപനം നിരീക്ഷിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, സംസ്ഥാന മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, സുപ്രീം കോടതി ജഡ്ജി എ എം ഖാൻവിൽക്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, കര-വ്യോമ-നാവിക സേനകളുടെ മേധാവികൾ, ലോക്പാൽ ജസ്റ്റിസ് പി സി ഘോഷ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ചൈനയുടെ നിരീക്ഷണത്തിലാണെന്ന റിപ്പോർട്ട് വന്നത്.
ചൈനീസ് സർക്കാരുമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ഷെൻസെൻ ഷെൻഹുവയ്ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ട് വന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം. ശശിതരൂർ ഉൾപ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, സർവ്വീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥർ എന്നിവരെയും നിരീക്ഷിക്കുന്നുണ്ട്. വാർത്തയോട് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല.
അതിർത്തിയിൽ ഇന്ത്യൻ സൈന്യം പൂർണസജ്ജം
അതിർത്തിയിൽ ചൈനയുടെ പ്രകോപനങ്ങൾ തുടരുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്കിൽ യുദ്ധത്തിനായി ഇന്ത്യൻ സൈന്യം പൂർണസജ്ജമാണെന്ന് നോർത്തേൺ കമാൻഡ് പ്രസ്താവനയിലൂടെ പറഞ്ഞു.
ചൈനയാണ് യുദ്ധത്തിന്റേതായ സാഹചര്യം സൃഷ്ടിച്ചത്. മെച്ചപ്പെട്ട പരിശീലനം നേടിയ കൂടുതൽ മനക്കരുത്തുള്ള സൈന്യത്തെയാണ് ചൈനക്ക് നേരിടാനുള്ളതെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ശൈത്യകാലത്ത് യുദ്ധമുണ്ടായാൽ അതിനെ നേരിടാനും സൈന്യം തയാറാണ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് പുലർത്താനാണ് ശ്രമം. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്നും ഇന്ത്യ-ചൈന തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ തുടരുകയാണെന്നും സൈന്യം അറിയിച്ചു.നവംബറിന് ശേഷം ലഡാക്കിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. താപനില മൈനസ് 40 വരെ എത്തുന്നതും സാധാരണമാണ്. മഞ്ഞുവീഴ്ച കാരണം റോഡുകളെല്ലാം അടയ്ക്കേണ്ടിവരും.
കാലാവസ്ഥ സൈനികർക്ക് ഏറെ പ്രയാസം സൃഷ്ടിക്കും. പക്ഷേ, ഇതെല്ലാമുണ്ടെങ്കിലും ഇന്ത്യൻ സൈനികർ ശൈത്യകാലത്തെ യുദ്ധത്തിൽ ഏറെ പരിചയസമ്ബന്നരാണെന്നും വളരെവേഗം പ്രവർത്തനസജ്ജരാകാൻ അവർ മാനസികമായി തയ്യാറാണ്. സിയാച്ചിൻ പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ യുദ്ധം ചെയ്ത് സൈന്യത്തിന് പരിചയമുണ്ടെന്നും നോർത്തേൺ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.