- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ തദ്ദേശീയ വാക്സിൻ കൊവാക്സിനും അനുമതി; ഡിസിജിഐക്ക് വിദഗ്ദ്ധ സമിതി ശുപാർശ നൽകി; ഐസിഎംആർ ഇതിനോടകം തയ്യാറാക്കിയത് 10 മില്യൺ ഡോസ് വാക്സിനുകൾ; വർഷം 300 മില്യൺ വാക്സിൻ ഡോസുകൾ ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനും അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ നൽകി. വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിനുള്ള ശുപാർശയാണ് നൽകിയത്. ഇന്നലെ കോവിഷിൽഡ് വാക്സിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ നിർമ്മിത വാക്സിനും അനുമതി നൽകാൻ ഒരുങ്ങുന്നത്.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി (എസ്.ഇ. സി.)യാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക്(ഡി.സി. ജി.ഐ.) ശുപാർശ നൽകിയത്. ഡി.സി. ജി.ഐ. അനുമതി ലഭിച്ചാൽ വാക്സിൻ വിതരണം തുടങ്ങാനാകും.
ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിൻ. 10 മില്യൺ ഡോസുകൾ ഇതിനകം കോവാക്സിന്റേത് തയ്യാറായിക്കഴിഞ്ഞു. വർഷം 300 മില്യൺ വാക്സിൻ ഡോസുകൾ ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിൽ ആദ്യ 100 മില്യൺ ഇന്ത്യയിൽ തന്നെ വിതരണം ചെയ്യും. കോവഡ് വാക്സിൻ വികസനത്തിനായി 60- 70 മില്യൺ ഡോളറാണ് ഇന്ത്യ ഇതിനകം ചെലവഴിച്ചിരിക്കുന്നത്.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് എന്ന വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധസമിതി കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്കയുമായി സഹകരിച്ചുകൊണ്ടാണ് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വികസിപ്പിച്ചത്. കോവിഷീൽഡിന്റെ അഞ്ചുകോടി ഡോസ് സിറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം കോവിഡ് 19ന് എതിരായി നാലു വാക്സിനുകൾ തയ്യാറാക്കിയിട്ടുള്ള ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വാക്സിൻ വിതരണത്തിന്റെ ഡ്രൈ റൺ നടക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ബ്രിട്ടണിൽ ഫൈസർ, ആസ്ട്രസെനക വാക്സിനുകൾക്കും അമേരിക്കയിൽ ഫൈസറിനും അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ മൂന്ന് വാക്സിനുകളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഒരു വാക്സിൻ നിർമ്മാതാക്കളുടെ അപേക്ഷ കൂടി ലഭിക്കുമെന്നും അടിയന്തര ഉപയോഗത്തിന് ഒന്നിലധികം വാക്സിനുകൾ ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഓക്സഫഡും ആസ്ട്രസെനകയും സെറം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിക്കുന്ന കോവിഷീൽഡും ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് വികസിപ്പിക്കുന്ന കോവാക്സിനും അടക്കം ആറ് വാക്സിനുകൾ ഇന്ത്യയിൽ വികസിപ്പിക്കുന്നുണ്ട്. അഹമ്മദാബാദിലെ കോഡില ഹെൽത്ത് കെയർ നിർമ്മിക്കുന്ന ZyCOV-D, സെറം ഇൻസ്റ്റിറ്റ്യൂട്ടും നോവാവാക്സും ചേർന്ന് വികസിപ്പിക്കുന്ന VX-CoV2373 എന്നിവ പരീക്ഷണ ഘട്ടത്തിലാണ്.
മറുനാടന് ഡെസ്ക്